Amarnath Yatra 2022: മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു
Amarnath Yatra: തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. നിലവിൽ മൂവായിരത്തോളം തീർഥാടകരാണ് നുൻവാൻ ക്യാമ്പിലുള്ളത്.
ജമ്മു കശ്മീർ: മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. പഹൽഗാമിലെ നുൻവാൻ ബേസ് ക്യാമ്പിൽ നിന്ന് തീർഥാടകരെ കടത്തിവിടുന്നില്ല. മോശം കാലാവസ്ഥയെ തുടർന്ന് തീർഥാടകരെ നുൻവാൻ ബേസ് ക്യാമ്പിൽ നിന്ന് തീർഥാടകരെ മുന്നോട്ട് വിടുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിൽ മൂവായിരത്തോളം തീർഥാടകരാണ് നുൻവാൻ ക്യാമ്പിലുള്ളത്.
ജൂൺ മുപ്പതിനാണ് ഈ വർഷത്തെ അമർനാഥ് തീർഥാടന യാത്ര ആരംഭിച്ചത്. 65,000-ത്തിലധികം തീർഥാടകർ ഇതിനകം അമർനാഥ് ക്ഷേത്രം സന്ദർശിച്ചതായി വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് പതിനൊന്നിനാണ് ഈ വർഷത്തെ അമർനാഥ് തീർഥാടനം അവസാനിക്കുന്നത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അവരെ ട്രാക്ക് ചെയ്യുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സംവിധാനം സർക്കാർ ഈ വർഷം അവതരിപ്പിച്ചിരുന്നു.
അമർനാഥ് തീർഥാടകർക്ക് ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കനത്ത സുരക്ഷ
ഡൽഹി: അമർനാഥ് തീർഥാടകർക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താനിൽ നിന്നോ പാക് അധീന കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ഭീകര സംഘം അമർനാഥ് തീർഥാടകർക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പിന്തുണ നൽകുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസിനെ ഉൾപ്പെടെ ലക്ഷ്യംവെച്ച് ആക്രമണം നടത്താൻ ലഷ്‌കർ, ജെയ്‌ഷെ ഭീകരർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. കനത്ത സുരക്ഷയോടെ 2,750 തീർഥാടകരെയാണ് ആദ്യ ഘട്ട സംഘമായി നിശ്ചയിച്ചത്. സിആർപിഎഫ്, ഇന്തോ ടിബറ്റൻ ബോർഡർ ജവാന്മാർ എന്നിവരുടെ അകമ്പടിയോടെയാണ് സംഘം തീർഥാടനം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...