റായ്ബറേലി: കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് റായ്ബറേലിയിൽ വികസനം സാധ്യമാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. റായ്ബറേലിയെ പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്ന്‍ മോചിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ സംഘടിപ്പിച്ച ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'സ്വാതന്ത്ര്യം ലഭിച്ച നാള്‍മുതൽ റായ്ബറേലിയിൽ‌ പാരമ്പര്യ രാഷ്ട്രീയമാണ് നിലവിലുള്ളത്. എന്നാൽ പേരിനു പോലും ഇവിടെ വികസനമില്ല. പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്നു മോചനം നേടുന്നതിനായുള്ള ബോധവൽക്കരണമാണ് മണ്ഡലത്തിൽ ബിജെപി നടത്തുന്നത്...' അമിത് ഷാ പറഞ്ഞു. 


വികസനത്തിന്‍റെ ഉത്തമ മാതൃകയാക്കി മണ്ഡലത്തെയും ജില്ലയെയും മാറ്റും. നിയമ വാഴ്ചയില്ലാത്ത ഗുണ്ടാ രാജ് ഭരണമായിരുന്നു ഉത്തർപ്രദേശിൽ ഉണ്ടായിരുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാനം സ്ഥാപിക്കപ്പെട്ടു.


തീവ്രവാദ കേസുകളിൽ ഹിന്ദുമത വിശ്വാസികളെ ആക്ഷേപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി ഇതിന് മാപ്പു പറഞ്ഞേ തീരൂ. മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയത് ചൂണ്ടിക്കാട്ടി അമിത് ഷാ വ്യക്തമാക്കി. 


കഴിഞ്ഞ ദിവസങ്ങളിൽ സോണിയ ഗാന്ധി റായ്ബറേലി സന്ദർശിച്ചു മടങ്ങിയതിന് പിന്നാലെയാണ് അമിത് ഷായുടേയും സന്ദര്‍ശനം.