ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മയേയും ഭാര്യയേയും അപമാനിച്ചതായി വിദേശകാര്യ മന്ത്രാലയം.


COMMERCIAL BREAK
SCROLL TO CONTINUE READING

 പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ‌ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയുമാണ് പാക്കിസ്ഥാൻ അപമാനിച്ചത്. സുരക്ഷയുടെ പേരിൽ ഭാര്യയുടെ താലി വരെ അഴിപ്പിച്ച അധികൃതര്‍, ജാദവിനെ മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചതുമില്ല.


ജാദവിന്‍റെ ഭാര്യ ചേതനയുടെ ആഭരണങ്ങളും വളയും അവര്‍ ഊരിമാറ്റി. നെറ്റിയില്‍ ചാര്‍ത്തിയിരുന്ന പൊട്ടും മായ്ച്ചുകളയാന്‍ ആവശ്യപ്പെട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചശേഷം പാക്കിസ്ഥാന്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടു. ഇവരുടെ ചെരുപ്പുകളും ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


കനത്ത സുരക്ഷയിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫീസിലായിരുന്നു കുൽഭൂഷൺ ജാദവ് കുടുംബത്തെ കണ്ടത്. നാല്പത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.ഇരുപത്തിരണ്ട് മാസത്തിനുശേഷമാണ് ഭാര്യയും അമ്മയും കുൽഭൂഷണെ കാണുന്നത്.


ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ. പി സിങ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാദ്ധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.  


കുടുംബത്തെ കാണാന്‍ അനുവദിച്ചതില്‍ കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാനു നന്ദി പറഞ്ഞു. തന്‍റെ ആവശ്യപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിന്‍റെ പ്രതികരണം പാക് വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്.


പാക്കിസ്ഥാനിൽ നിന്നു മടങ്ങിയെത്തിയ ഭാര്യയും അമ്മയും ചൊവ്വാഴ്ച രാവിലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു.