ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ബീഫ് ബിരിയാണി പാകം ചെയ്ത നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനടുത്ത് ബിരിയാണി ഉണ്ടാക്കിയതിന് നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതര്‍ പിഴ ചുമത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പിഴ അടയ്ക്കാനാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പത്തു ദിവസത്തിനകം പിഴ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ചീഫ് പ്രോക്ടര്‍ കൗശല്‍ കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ചേപ്പല്‍ ശെര്‍പ്പ, അമീര്‍ മാലിക്ക്, മനീഷ് കുമാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതവും. ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സത്‌രൂപ ചക്രവര്‍ത്തിക്ക് 10000 രൂപയുമാണ് പിഴ ഈടാക്കിയിട്ടുള്ളത്. വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയതിനും മുദ്രാവാക്യം വിളിച്ചതിനുംകൂടിയാണ് സത്‌രൂപ ചക്രവര്‍ത്തിക്ക് പതിനായിരം രൂപ പിഴയിട്ടത്.


ജൂണ്‍ 17നാണ് സംഭവം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി സതരൂപ ചക്രബര്‍ത്തിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ കാണാന്‍ എത്തിയത്. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വിസി തയ്യാറാകുന്നത് വരെ വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫീസിലിരുന്നു. അപ്പോള്‍ പുറത്ത് കാത്തുനിന്ന വിദ്യാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് പുറത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ചെന്നായിരുന്നു ആരോപണം. വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് പ്രോക്ടര്‍ കൌശല്‍ കുമാര്‍ ശര്‍മ പഴി അടയ്ക്കണമെന്ന് നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം പിഴയൊടുക്കണമെന്ന് നോട്ടീസില്‍ പറയുന്നു.