ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരായ അറുപതോളം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.


രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓള്‍ ആസം സ്റ്റുഡന്റസ് യൂണിയന്‍, എന്‍ഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്ത് എന്നിവയുടെ ഹര്‍ജികളും ഇതില്‍പ്പെടും. 


പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തില്‍ തുടര്‍വാദം കേള്‍ക്കണം എന്നതാവും ആവശ്യം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി എടുക്കുന്ന നിലപാട് പ്രധാനമാകും.ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ നയിക്കുക. 


ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയ്ക്ക് വിരുദ്ധമാണ് നിയമമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 1985ലെ അസം ഉടമ്പടിക്കും 2019 ജനുവരി ഏഴിലെ സംയുക്ത പാര്‍ലമെന്‍ററി സമിതി  റിപ്പോര്‍ട്ടിനും വിരുദ്ധമാണ് നിയമമെന്നും ഹർജികളിൽ പറയുന്നു.


സമത്വം സംബന്ധിച്ച എല്ലാ ഭരണഘടനാ തത്വങ്ങളുടേയും ഉറപ്പുകളുടേയും ലംഘനമാണ് പൗരത്വ ഭേദഗതി നിയമ൦ എന്നും ഹർജിക്കാർ ആരോപിക്കുന്നുണ്ട്.


എൻ.ആർ.സി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് പുതിയ നിയമം കൊണ്ടുവന്നതിനെയാണ് അസമിലെ വിദ്യാർത്ഥി സംഘടനകൾ അടക്കം എതിർക്കുന്നത്.  ഇതിന് പുറമേ വിവിധ മുസ്ലിം സംഘടനകൾ നൽകിയ ഹർജികളും കോടതി പരിഗണിക്കും.


പ്രധാന ഹര്‍ജിക്കാര്‍: 


> ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
> കേരള മുസ്‌ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ)
> ജയ്‌റാം രമേഷ് (കോൺഗ്രസ്)
> രമേശ് ചെന്നിത്തല
> ടിഎൻ പ്രതാപൻ
> ഡിവൈഎഫ്ഐ
> ലോക് താന്ത്രിക് യുവജനതാദൾ
> എസ്ഡിപിഐ
> ഡിഎംകെ
> അസദുദ്ദീൻ ഒവൈസി 
> തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം
> പ്രൊഫ. മനോജ് കുമാർ ഝാ (ആർജെഡി)
> മഹുവ മോയിത്ര (തൃണമൂൽ കോൺഗ്രസ്)
> അസം സ്റ്റുഡന്റ്‌സ് യൂണിയന്‍
> അസം ഗണപരിഷത്
> അസം അഭിഭാഷക അസോസിയേഷൻ
> അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി
> ജമിയത് ഉലമ ഇ ഹിന്ദ് 
> മുസ്‌ലിം അഡ്വക്കറ്റ്‌സ് അസോസിയേഷന്‍