ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും ബിജെപി വക്താവിനെയും വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്‌വിജയ് സിംഗ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം തന്നെ ദേശദ്രോഹിയാണെന്ന് പറഞ്ഞു, പിന്നീട് നക്‌സലൈറ്റായി ചിത്രീകരിച്ചു. തെളിയിക്കാനായാല്‍ ഇപ്പോള്‍ ഇവിടെവച്ച് തന്നെ അറസ്റ്റു ചെയ്യട്ടെയെന്നാണ് ദിഗ്‌വിജയ് സിംഗ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ വെല്ലുവിളി. കൂടാതെ ഇടതുപക്ഷ സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റ്‌ ഗുജറാത്ത് മോഡല്‍ ഭരണത്തിന്‍റെ ഉദാഹരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇടതുപക്ഷ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം. ഇതേ ഗുജറാത്ത് മോഡല്‍ ഭരണകാലത്താണ് വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നത് എന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.


അതേസമയം, ബുധനാഴ്ച്ച ബിജെപി വക്താവ് സമ്പിത് പാത്ര നടത്തിയ പത്ര സമ്മേളനമാണ്‌ വെല്ലുവിളികള്‍ക്ക് വഴിതെളിച്ചത്. പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനായി രാജ്യസുരക്ഷ പണയം വയ്ക്കുകയാണെന്ന് ബി.ജെ.പി വക്താവ് സമ്പിത് പാത്ര ആരോപിച്ചിരുന്നു. 


കൂടാതെ, യു.പി.എ സര്‍ക്കാര്‍ നക്‌സലുകളെ പിന്താങ്ങിയിരുന്നുവെന്ന് ആരോപിച്ച സമ്പിത് പാത്ര കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പേര് കോൺഗ്രസ് മാവോയിസ്റ്റ് പാർട്ടി അല്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (മാവോയിസ്റ്റ്) എന്നാക്കി മാറ്റണമെന്നും പറഞ്ഞു.  


പത്ര സമ്മേളനത്തില്‍, കോണ്‍ഗ്രസ്‌ നേതാക്കളായ ദിഗ്‌വിജയ് സിംഗ്, ജയറാം രമേശ് എന്നിവര്‍ക്ക് നക്‌സല്‍ ബന്ധങ്ങളുള്ളതായി ആരോപിച്ച സമ്പിത് പാത്ര രണ്ടു നക്‌സലൈറ്റുകള്‍ തമ്മിലെഴുതിയതെന്ന പേരില്‍ ഒരു കത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ കാണിക്കുകയും ചെയ്തു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സാമ്പത്തിക സഹായവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായും, സഹായങ്ങള്‍ക്ക് ദിഗ്‌വിജയ് സിംഗിനെ സമീപിക്കാമെന്നു സൂചിപ്പിച്ചതായും കത്തില്‍ പറഞ്ഞിരിക്കുന്നതായി സമ്പിത് പാത്ര പറഞ്ഞു. 


കൂടാതെ, കത്തില്‍ രാഹുല്‍ ഗാന്ധിയുടെ 'ഗുരു'വായ ദിഗ്‌വിജയ് സിംഗിന്‍റെ ഫോണ്‍നമ്പര്‍ ഉള്ളതായും സമ്പിത് പാത്ര ആരോപിച്ചു. 


അതേസമയം, ബി.ജെ.പി വക്താവ് സമ്പിത് പാത്രയുടെ ആരോപണങ്ങളെ കോണ്‍ഗ്രസും ബിജെപിയും എങ്ങിനെ നോക്കിക്കാണുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ ഉറ്റുനോക്കുന്നത്. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്ന ഇരു പാര്‍ട്ടികള്‍ക്കും ഈ കാലയളവ്‌ വളരെയേറെ നിര്‍ണ്ണായകമാണ്.  


ഇടതുപക്ഷ സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റ്‌ ബുദ്ധിജീവികളെ ഉണര്‍ത്തുകയാണ് ചെയ്തതെങ്കില്‍, ബി.ജെ.പി വക്താവ് സമ്പിത് പാത്രയുടെ ആരോപണങ്ങള്‍ക്ക് ഉറച്ച പിന്തുണ ബിജെപിയ്ക്കും നല്‍കേണ്ടിയിരിക്കുന്നു.