ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദഗ്ധ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോയ ധനമന്ത്രി അരുൺ ജെയ്റ്റ്ലി 25ന് ഇന്ത്യയില്‍ തിരികെയെത്തുമെന്ന് ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൂടാതെ. ബജറ്റ് രേഖകളുടെ അച്ചടി പ്രക്രിയ തിങ്കളാഴ്ച ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 


അതേസമയം, ഇടക്കാല ബജറ്റ് അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് പകരം പിയുഷ് ഗോയല്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടിയന്തര ചികിത്സയ്ക്കായി യുഎസിലേക്ക് പോയതിനാലാണ് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. കാരണം ധനകാര്യ വകുപ്പിന്‍റെ അധിക ചുമതല പിയുഷ് ഗോയലിനാണ് നല്‍കിയിരിക്കുന്നത്. 


ധനമന്ത്രി ചികിത്സയ്ക്ക്ശേഷം തിരിച്ചെത്താന്‍ വൈകുമെന്ന സൂചനയായിരുന്നു തുടക്കത്തില്‍ പുറത്തു വന്നിരുന്നത്. കൂടാതെ, തിരഞ്ഞെടുപ്പു വര്‍ഷത്തെ ബജറ്റിനു തൊട്ടു മുന്‍പ് ധനമന്ത്രി ചികിത്സയ്ക്കു പോയതു രോഗത്തിന്‍റെ ഗൗരവത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ക്കു വഴിതെളിച്ചിരുന്നു. എന്നാല്‍ രോഗത്തെപ്പറ്റിയോ ചികിത്സയെപ്പറ്റിയോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല.


കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്‌ലി 4 മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്‍റെ ചുമതല പിയുഷ് ഗോയലിനായിരുന്നു. വൃക്ക മാറ്റിവയ്ക്കലിനു ശേഷം അണുബാധയെക്കുറിച്ചു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നാണു ജെയ്റ്റ്‌ലി മാസങ്ങളോളം ഔദ്യോഗിക കൃത്യങ്ങളില്‍ നിന്നു വിട്ടുനിന്നത്. 


പിന്നീടു പദവിയില്‍ തിരിച്ചെത്തിയപ്പോഴും ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നു നിര്‍ദേശമുണ്ടായിരുന്നു. മന്ത്രിസഭാ യോഗങ്ങള്‍ക്കു ശേഷം സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്താവായി മാധ്യമങ്ങളെ കാണാന്‍ ജെയ്റ്റ്‌ലി എത്തും മുന്‍പു വേദി അണുവിമുക്തമാക്കിയിരുന്നു. അദ്ദേഹത്തെ സമീപിക്കുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും നിയന്ത്രണമുണ്ടായിരുന്നു.


അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരികെയെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മധ്യവര്‍ഗത്തെ ആകര്‍ഷിക്കാന്‍ ആദായനികുതിയിളവും കാര്‍ഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടായേക്കുമെന്നു സൂചനയുണ്ട്.


ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.