ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം മോദിയുടെ അറിവോടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുന്നതിന് പിന്നിലും പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

'ലഫ്റ്റനന്റ് ഗവര്‍ണറോ പ്രധാനമന്ത്രിയോ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ല. ഞങ്ങളുടെ പ്രശ്‌നങ്ങളിലും ഉന്നയിക്കുന്ന ചോദ്യങ്ങളിലും അവര്‍ക്ക് മറുപടിയില്ല. വളരെ ലളിതമായ ആവശ്യങ്ങളാണ് ഞങ്ങളുടേത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ, വൈദ്യുതി മേഖലകളില്‍ മികച്ച പ്രകടനം നടത്താന്‍ ഡല്‍ഹി സര്‍ക്കാരിനായിട്ടുണ്ട്. ഇവിടുത്തെ സ്‌കൂളുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് ഈ നേട്ടങ്ങള്‍ കാണാനാകാത്തതെന്ന് ജനങ്ങള്‍ ചോദിച്ചുതുടങ്ങി. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുമായി യുദ്ധം പ്രഖ്യാപിക്കാന്‍ കാരണം.' കെജ്‌രിവാള്‍ പറഞ്ഞു.


ഡല്‍ഹി സര്‍ക്കാരിനോടുള്ള ഐഎഎസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയായ രാജ്നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നിവരാണ് കെജ്‌രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്ന ആം ആദ്മി മന്ത്രിമാര്‍.


നേരത്തെ കെജ്‌രിവാളിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ നാല് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും കെജ്‌രിവാളിന് പിന്തുണ അറിയിച്ചിരുന്നു.