ആശാറാം ബാപ്പു പീഡനക്കേസ്: വിധി പ്രഖ്യാപിക്കാനിരിക്കേ ജോധ്പൂരില്‍ കനത്ത സുരക്ഷ
പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്‍റെ ഭാഗമായി ഗുജറാത്ത് രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് പ്രത്യേക നിയന്ത്രണവും കർശന നിരീക്ഷണവും ഏര്‍പ്പെടുത്തി
ജോധ്പുർ: വ്യത്യസ്ഥ ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുജറാത്തിലെ ആള്‍ദൈവം ആശാറാം ബാപ്പുവിന്‍റെ വിധി നാളെ പ്രഖ്യാപിക്കാനിരിക്കേ ജോധ്പൂര്‍ കോടതി പരിസരത്ത് കനത്ത സുരക്ഷ.
രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറയുക.
പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്‍റെ ഭാഗമായി ഗുജറാത്ത് രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് പ്രത്യേക നിയന്ത്രണവും കർശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് മേധാവി സൂചിപ്പിച്ചു.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്‍റെ പേരിലുള്ളത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2013 ആഗസ്റ്റ് 20ന് പൊലീസില്‍ പരാതി നല്‍കി.
ഈ കേസ് നടന്നുകൊണ്ടിരിക്കേ അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആശാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.