ന്യൂഡല്‍ഹി: ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ വിഗ്യാന്‍ ഭവനില്‍ ദേശീയ പുരസ്‌കാര വിതരണം നടന്നത്. പ്രതിഷേധങ്ങളെ വകവെയ്ക്കാതെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് റിദ്ധി സെന്‍ ഏറ്റുവാങ്ങിയിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 19 കാരനായ റിദ്ധി സെന്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംവിധായകന്‍റെ നിര്‍ബന്ധ പ്രകാരമാണ് താന്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചതെന്ന് നടന്‍ പിന്നീട് വെളിപ്പെടുത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് രാജ്യത്തിന് നാണക്കേടായി. രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കണമായിരുന്നു. രാജ്യത്തെ കലാകാരന്മാരുടെ ഐക്യം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായതെന്ന് റിദ്ധി സെന്‍ അഭിപ്രായപ്പെട്ടു. 


കൗശിക് ഗാംഗുലി സംവിധാനം ചെയ്ത നഗര്‍കീര്‍ത്തന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് റിദ്ധി സെന്നിന് അവാര്‍ഡ് ലഭിച്ചത്. സ്വവര്‍ഗാനുരാഗ കഥ പറയുന്ന ചിത്രമാണ് നഗര്‍കീര്‍ത്തന്‍.


ബംഗാളിലെ പ്രശസ്തനായ നാടക നടന്‍ കൗശിക് സെന്നിന്‍റെയും രേഷ്മ സെന്നിന്‍റെയും മകനാണ് റിദ്ധി. ചെറുപ്പം മുതലേ നാടകത്തില്‍ സജീവമായിരുന്ന റിദ്ധി ബാലതാരമായും അഭിനയിച്ചിരുന്നു. പ്രസക്തമായ ഹിന്ദി ചിത്രമായ 'കഹാനി'യില്‍ ചായ വില്‍ക്കുന്ന പയ്യനായി റിദ്ധി വേഷമിട്ടിരുന്നു.


ആദ്യ സിനിമയില്‍ തന്നെ വളരെ പക്വതയാര്‍ന്ന അഭിനയമാണ് താരം കാഴ്ച വച്ചതെന്ന് ജൂറിഅഭിപ്രായപ്പെട്ടിരുന്നു.