അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് ശിവസേനയും വിശ്വഹിന്ദു പരിഷത്തും വ്യത്യസ്തമായ പരിപാടികള്‍ പ്രഖ്യാപിച്ചതോടെ അയോധ്യ കടുത്ത ആശങ്കയില്‍. അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇരുപാര്‍ട്ടികളും പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച ശിവസേനയും ഞായറാഴ്ച വിശ്വഹിന്ദു പരിഷത്തുമാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 


സുരക്ഷ ശക്തമാക്കിയിരിക്കുന്നതിന്‍റെ ഭാഗമായി 42 കമ്പനി സായുധസേന, എഴുന്നൂറോളം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, 160 ഇന്‍സ്‌പെക്ടര്‍മാര്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവരെ നഗരത്തില്‍ വിന്യസിച്ചിരിക്കുകയാണ്. 


അയോധ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം 8.30നാണ് യോഗം ചേരുക.  ലഖ്നൗവില്‍ ആണ് യോഗം നടക്കുക. അയോധ്യയിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്യും. കൂടാതെ അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന രാമ വിഗ്രഹത്തിന്‍റെ അവതരണവും യോഗത്തില്‍ നടക്കുമെന്നാണ് സൂചന. രാമ വിഗ്രഹത്തിന്‍റെ രൂപകൽപന, വലിപ്പം, സ്ഥലം എന്നിവയെല്ലാം ചര്‍ച്ചാ വിഷയമായേക്കും. 


അതേസമയം, രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടുള്ള ഇത്തരം പരിപാടികളില്‍ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. വരുംദിവസങ്ങളില്‍ അയോധ്യയില്‍ സുരക്ഷ ശക്തമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് സുപ്രീംകോടതിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാമജന്മഭൂമിയിലെ പരിപാടികളില്‍ ആശങ്കവേണ്ടെന്നും, ഇത് തികച്ചും മതപരമായ പരിപാടിയാണെന്നുമായിരുന്നു വി.എച്ച്.പി നേതാക്കളുടെ പ്രതികരണം. 


അതേസമയം, പ്രദേശവാസികളുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായി അയോധ്യ ജില്ലാ കളക്ടർ അനിൽകുമാർ പറഞ്ഞു. നഗരത്തില്‍ ഭയാന്തരീക്ഷം ഇല്ല. ഇരു പാര്‍ട്ടികളുടെയും പ്രോഗ്രാം അധികാരികളുടെ അനുവാദത്തോടെയാണ് നടക്കുന്നത്. എല്ലാ നിബന്ധനകളും പാലിച്ചാണ് പരിപാടി നടക്കുന്നത്. കൂടാതെ, ഇരു പാര്‍ട്ടികളുടെയും പരിപാടികള്‍ കര്‍ശന നിരീക്ഷണത്തിലാണ്. അതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ല എന്ന് അദ്ദേഹം പ്രദേശവാസികളോട് പറഞ്ഞു.