ന്യൂഡല്‍ഹി: ശാസ്ത്രവും സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവനകളിറക്കുന്ന ഇന്ത്യന്‍ മന്ത്രിമാരെ കളിയാക്കി ബിബിസിയുടെ ലേഖനം. 'പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ചരിത്രം തിരുത്തിയെഴുതുമ്പോള്‍' (Cows to planes: Indian ministers who rewrote scientific history) എന്ന തലക്കെട്ടോടുകൂടിയാണ് ബിബിസി ലേഖനം പ്രസിദ്ധീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ ലേഖനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ശാസ്ത്രീയമായ ഒട്ടുമിക്ക കണ്ടുപിടിത്തങ്ങള്‍ക്കും പിന്നില്‍ ഹൈന്ദവ പുരാണങ്ങള്‍ ആണെന്നുള്ള മന്ത്രിമാരുടെ പ്രസ്താവനകളെ പ്രത്യക്ഷമായി ലേഖനത്തില്‍ കളിയാക്കുന്നുണ്ട്. 


കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സത്യപാല്‍ സിംഗ് കഴിഞ്ഞ ദിവസം ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നു. റൈറ്റ് സഹോദരന്മാരേക്കാൾ മുമ്പ് വിമാനം കണ്ടുപിടിച്ച ഇന്ത്യക്കാരനെക്കുറിച്ച് ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന പ്രസ്താവനയാണ് സത്യപാൽ സിംഗ് നടത്തിയത്. ഇത് 'ലോകത്തിനറിയാവുന്ന സത്യ'മാണെന്നുകൂടി മന്ത്രി പറഞ്ഞിരുന്നു.


പശു ഓക്സിജന്‍ പുറത്തുവിടുന്ന ജീവിയാണെന്നുള്ള രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ 'കണ്ടുപിടിത്ത'വും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 


പ്രധാനമന്ത്രി നരേന്ദ്രമോദി, പ്ലാസ്റ്റിക് സര്‍ജറി വളരെക്കാലം മുന്‍പ് ഇന്ത്യയിലുണ്ടായിരുന്നുവെന്നും അതിനുദാഹരണമാണ് ഗണപതിയെന്നും പറഞ്ഞിരുന്നു. 'ഗോഡ് ഓഫ് പ്ലാസ്റ്റിക് സര്‍ജറി' എന്നാണ് മോദിയുടെ കണ്ടുപിടിത്ത പ്രസ്താവനയെ കളിയാക്കാനായി ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം.