ബംഗളൂരു: തന്‍റെ അവസാന ജോലി ദിവസം എത്ര രസകരവും മറക്കാനാകാത്തതുമായ ദിനമാക്കി എങ്ങനെമാറ്റാമെന്ന് കാട്ടിത്തരുകയാണ് ബംഗളൂരൂവിലെ ഒരു ടെക്കി. മാത്രമല്ല അതിന്‍റെപിന്നില്‍ ചില കാരണങ്ങളും ഉണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അവസാന ദിവസം കുതിരപ്പുറത്തേറി വന്ന യുവാവിന്‍റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING


വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു ലാപ്‌ടോപ് ബാഗ് തോളിലേറ്റി വെള്ളക്കുതിരയ്ക്ക് മേല്‍ ഒരു ചെരുപ്പക്കാരന്‍ പ്രധാന റോഡിലൂടെ കുതിച്ച് പായുന്നത് കണ്ടാണ് കഴിഞ്ഞ ദിവസം ബംഗളൂരു നിവാസികള്‍ അയാളെ ശ്രദ്ധിച്ചത്. പെട്ടെന്ന് ഞെട്ടിപ്പോയെങ്കിലും പലരും ഫോട്ടോയെടുക്കുകയും ആ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെയ്ക്കുകയും ചെയ്തു. അതോടെയാണ് സംഭവം വൈറലായത്.



എട്ട് വര്‍ഷത്തോളമായി ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ രൂപേഷ് കുമാര്‍ തന്‍റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനെതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്. സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് രൂപേഷ് ജോലിവിടാന്‍ തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു തന്‍റെ അവസാന ജോലി ദിനം അവിസ്മരണീയമാക്കി രൂപേഷ് വെള്ളക്കുതിരയിലേറി ഓഫീസിലെത്തിയത്. 


ഓഫീസ് പരിസരത്തുവച്ച് കുതിരയെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞുവെങ്കിലും തന്‍റെ യാത്രാ വാഹനമാണിതെന്ന് ചൂണ്ടിക്കാട്ടി പാര്‍ക്കിങ്ങിലേക്ക് പ്രവേശിക്കുകയായിരുന്നു. വര്‍ഷങ്ങളായി താന്‍ നഗരത്തിലെ അന്തരീക്ഷ മലിനീകരണവും, ഗതാഗത സ്തംഭനവും അനുഭവിച്ചുകൊണ്ട് യാത്ര ചെയ്യുന്നു. പലപ്പോഴും 30-40 മിനിട്ട് വരെ റോഡില്‍ കുടുങ്ങാറുണ്ട്. ഇതിനെതിരേ ഒരു ബോധവത്കരണം എന്ന നിലയിലാണ് താന്‍ കുതിരപ്പുറത്തേറി വന്നതെന്ന് രൂപേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.


വീഡിയോ കാണാം: