Amritsar: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിപുലമായ സജ്ജീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവൻഷഹർ ജില്ലയിലെ ഖത്കർ കലാനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഏകദേശം മൂന്ന് ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ആം ആദ്മി വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞ ആഘോഷമാക്കാനാണ് ആം ആദ്മിയുടെ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന പുരുഷന്മാർ മഞ്ഞ നിറത്തിലുള്ള തലപ്പാവും സ്ത്രീകൾ അതേനിറത്തിലുള്ള ഷാളും ധരിച്ചെത്തണമെന്ന് ഭഗവന്ത് മൻ അഭ്യർത്ഥിച്ചു. 


പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ചുമതലപ്പെടുത്തിയിരിക്കുന്നത്. വലിയ ആൾക്കൂട്ടം എത്തുന്ന ചടങ്ങായതിനാൽ ഏകദേശം മുപ്പതോളം ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. ബുധനാഴ്ച ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വി.കെ ഭാവ്‌റ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തി. 


കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിംഗിനെ 58,206 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭഗവന്ത് മൻ ധുരി നിയമസഭാ മണ്ഡലം തൂത്തുവാരിയത്. നിലവിൽ സാംഗ്‌രൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായ ഭഗവന്ത് മൻ  തിങ്കളാഴ്ച സ്പീക്കർ ഓം ബിർലയ്ക്ക് രാജി സമർപ്പിച്ചിരുന്നു. 


"സംസ്ഥാനത്തെ മുഴുവൻ സേവിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പഞ്ചാബിലെ ജനങ്ങൾ എനിക്ക് നൽകിയിരിക്കുന്നത്.  എഎപിയുടെ മറ്റൊരു ശബ്ദം ഉടൻ തന്നെ ലോക്‌സഭയിൽ മുഴങ്ങുമെന്ന് സംഗ്രൂരിൽ നിന്നുള്ള എംപിയായിരുന്ന മൻ പറഞ്ഞു.


117 നിയമസഭാ മണ്ഡലങ്ങളിൽ 92 സീറ്റുകൾ നേടിയാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിലെത്തിയത്.


 


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.