എസ്.സി/എസ്.ടി നിയമത്തിനെതിരെ സവര്‍ണ്ണരുടെ ഭാരത് ബന്ദ് ഇന്ന്
എസ്.സി/എസ്.ടി നിയമത്തിനെതിരെ സവര്‍ണ്ണര്‍ തെരുവിലേയ്ക്ക്. സവര്‍ണ്ണ ജാതിക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്.
ന്യൂഡല്‍ഹി: എസ്.സി/എസ്.ടി നിയമത്തിനെതിരെ സവര്‍ണ്ണര്‍ തെരുവിലേയ്ക്ക്. സവര്‍ണ്ണ ജാതിക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്.
ഭാരത് ബന്ദിനോടനുബന്ധിച്ച് മധ്യപ്രദേശ്. ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ 144 പ്രഖ്യാപിച്ചിരിക്കുയാണ്. അതുകൂടാതെ, ധര്‍ണ, റാലി തുടങ്ങിയവ നടത്താനോ, ആളുകള്‍ക്ക് കൂട്ടം കൂടാനുള്ള അനുമതിയോ ഇല്ല.
മധ്യപ്രദേശില്‍ സപാക്സ്, കര്‍ണിസേന, ബ്രാഹ്മണ സംഘടനകള്‍ എന്നിവയ്ക്കൊപ്പം നിരവധി സവര്‍ണ്ണ സംഘടനകള്‍ ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കി മുന്‍പേതന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
ചില സംസ്ഥാനങ്ങളില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ഇന്‍റനെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ, മധ്യപ്രദേശില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 വരെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുകയില്ല.
എസ്.സി/എസ്.ടി നിയമത്തിനെതിരെ സവര്‍ണ്ണര്‍ നടത്തുന്ന ഭാരത് ബന്ദിന് 30 - 35 സവര്‍ണ്ണ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.