KGF 2ലെ ഗാനം ഉപയോഗിച്ച് വീഡിയോ; കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടകൾക്ക് വിലക്കേർപ്പെടുത്താൻ കോടതി നിർദ്ദേശം
Bharat Jodo Yatra എംആർടി മ്യൂസിക് യെശ്വന്തപൂർ പോലീസ് സ്റ്റേഷിനിൽ പകർപ്പ് അവകാശം ലംഘിച്ചുയെന്നാരോപിച്ചുകൊണ്ട് വെള്ളിയാഴ്ച പരാതി നൽകുകയായിരുന്നു
ബെംഗളൂരു : സൂപ്പർ ഹിറ്റ് സിനിമയായ കെജിഎഫ് 2ലെ ഗാനം ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ പങ്കുവച്ചതിന് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടകൾക്ക് വിലക്കേർപ്പെടുത്താൻ കോടതി നിർദേശം. താൽക്കാലികമായി വിലക്കേർപ്പെടുത്താനാണ് ബെംഗളൂരുവിലെ കോടതി മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിനോട് നിർദേശം നൽകിയിരിക്കുന്നത്. കെജിഎഫ് 2 സിനിമയിലെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയ എംആർടി മ്യൂസിക്കിന്റെ പരാതിയിന്മേലാണ് കോടതിയുടെ നിർദേശം.
പകർപ്പ് അവകാശം ലംഘിച്ചുയെന്ന് എംആർടി മ്യൂസിക് യെശ്വന്തപൂർ പോലീസ് സ്റ്റേഷിനിൽ വെള്ളിയാഴ്ച പരാതി നൽകുകയായിരുന്നു. പകർപ്പ് അവകാശ നിയമം, ഐടി നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥൻ എം നവീൻ കുമാറാണ് പരാതി നൽകിയിരിക്കുന്നത്.
പ്രാഥമിക കണ്ടെത്തലിൽ കോൺഗ്രസ്, ഭാരത് ജോഡോ യാത്ര ട്വിറ്റർ അക്കൗണ്ടകൾ നിയമം ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ കോടതി ട്വിറ്ററിനോട് ആ വീഡിയോ ലിങ്കുകൾ നീക്കം ചെയ്യുവാനും നിർദേശിച്ചു. അതോടൊപ്പമാണ് രണ്ട് അക്കൗണ്ടകൾക്ക് വിലക്കേർപ്പെടുത്താനും കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഭാരത് ജോഡോ യാത്ര ആറ് സംസ്ഥാനങ്ങൾ പിന്നിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാരംഭിച്ച ജോഡോ യാത്ര കേരളത്തിലൂടെ വീണ്ടും തമിഴ്നാട്ടിലെത്തി. കർണാടക ആന്ധ്ര പ്രദേശ് തെലങ്കാന മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ എത്തിച്ചേർന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...