Bharat Jodo Yatra: കശ്മീരിലൂടെ പദയാത്ര നടത്താൻ ബിജെപിക്കാർ ഭയക്കും; ഗ്രനേഡല്ല, സ്നേഹമാണ് ജനത നൽകിയത് - രാഹുൽ ഗാന്ധി
Bharat Jodo Yatra: കശ്മീരിലെ ജനങ്ങൾ ഗ്രനേഡല്ല, സ്നേഹമാണ് നൽകിയതെന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് സാമപനം. ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് യാത്രയുടെ സമാപന ചടങ്ങ് നടത്തിയത്. ജോഡോ യാത്രയ്ക്ക് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. യാത്രയ്ക്ക് ഇറങ്ങി പുറപ്പെടുമ്പോൾ ഇത് പൂർത്തിയാക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് 3500 കിലോമീറ്റർ പിന്നിട്ട് ഈ യാത്ര പൂർത്തിയാക്കാൻ സാധിച്ചതെന്ന് സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ നേതാക്കന്മാരെല്ലാം സമാപന ചടങ്ങിൽ പങ്കെടുത്തത്.
കശ്മീരിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആക്രമിക്കപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇവിടുത്തെ ജനങ്ങൾ ഗ്രനേഡല്ല, സ്നേഹമാണ് നൽകിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കശ്മീരിലൂടെ പദയാത്ര നടത്താൻ ഒരു ബിജെപി നേതാവിനും സാധിക്കില്ല. ഇതത്രത്തിലൊരു യാത്ര നടത്താൻ ബിജെപി നേതാക്കൾ ഭയപ്പെടും. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതിന്റെ വേദന അറിഞ്ഞവരാണ് താനും പ്രിയങ്കയും. അതിനാൽ പുൽവാമ ആക്രമണത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ വേദന തനിക്ക് മനസിലാകും. പരമ്പരാഗത കശ്മീരി ഫെറാൻ ധരിച്ചാണ് രാഹുൽ ചടങ്ങിൽ പങ്കെടുത്തത്.
യാത്രക്കിടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് പേരെ കണ്ടുമുട്ടി. ഒരുപാട് സ്ത്രീകൾ കരഞ്ഞു കൊണ്ട് അവർ നേരിട്ട പീഡനാനുഭവങ്ങൾ പങ്കുവച്ചു. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക എന്ന ഒരൊറ്റ ലക്ഷ്യമേയുള്ളൂ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ ഇവിടെ ആക്രമിക്കപ്പെടുകയാണ്. ഇവ രക്ഷിക്കാനാണ് തന്റെ പോരാട്ടം. കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല രാജ്യത്തിനായാണ് താൻ പോരാടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ശ്രീനഗറിലെ കോണ്‍ഗ്രസ് ഓഫിസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തിയാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാറാലിയിൽ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുത്തു. സിപിഎം വിട്ടുനിന്നു. സിപിഐയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡി.രാജ ചടങ്ങിൽ പങ്കെടുത്തു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ആര്‍എസ്പിയില്‍നിന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരും മറ്റ് പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സമാപന സമ്മേളനത്തിൽ സംസാരിച്ചു.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗര്‍ ജമ്മു ദേശീയപാത അടയ്ക്കുകയും വിമാന സര്‍വീസുകളെ ബാധിക്കുകയും ചെയ്തതിനാൽ സമ്മേളനത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പല പ്രതിപക്ഷ നേതാക്കൾക്കും എത്തിച്ചേരാനായില്ല. തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ടിഡിപി തുടങ്ങിയ പാർട്ടികൾ സമ്മേളനത്തിൽ പങ്കെടുത്തില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...