Patna: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി  NDA സഖ്യത്തിലുണ്ടായ ഭിന്നത  ചോദ്യമുയര്‍ത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കുന്ന   LJP നേതാവ് ചിരാഗ് പാസ്വാന്‍  JD(U)വിന്‍റെ സ്ഥാനാര്‍ഥി കള്‍ക്കെതിരെയാണ്  മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.  BJPയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഒഴിവാക്കുമെന്നാണ്  അദ്ദേഹം നല്‍കുന്ന സൂചന. 


ബീഹാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള ലോക് ജന്‍  ശക്തി പാര്‍ട്ടി  NDAയില്‍ നിന്നും വിട്ട്  ഒറ്റയ്ക്ക് മത്സരിക്കുമെന്ന വാര്‍ത്തയെ രാഷ്ട്രീയ നിരീക്ഷകര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതിന് കാരണവുമുണ്ട്.  


നിതീഷ് കുമാറിന്‍റെ  ജനതാദള്‍ യുണൈറ്റഡ്  (JD(U) മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമേ LJP സ്ഥാനാര്‍ഥികളെ നിര്‍ത്തുകയുള്ളൂ. എന്നാല്‍ ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ബിജെപി മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ പിന്തുണയ്ക്കുമെന്നുമാണ്  എല്‍.ജെ.പി വ്യക്തമാക്കുന്നത് 


ചിരാഗ് പാസ്വാന്‍റെയും LJPയുടേയും ഈ നീക്കം രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.  നിതീഷിന്‍റെ JD(U)വിനൊപ്പം സഖ്യം ചേര്‍ന്ന് മത്സരിക്കാതെ  ബീഹാറില്‍  നിതീഷ് കുമാറിന്‍റെ പാര്‍ട്ടിയ്ക്ക് ക്ഷീണം വരുത്താനുള്ള നീക്കമാണോ ഇത് എന്നാണ് ഇപ്പോള്‍  രാഷ്ട്രീയ നിരീക്ഷകര്‍  സംശയിക്കുന്നത്. 


കഴിഞ്ഞ സഖ്യ സര്‍ക്കാരില്‍ BJPയ്ക്ക് ഉപ  മുഖ്യമന്ത്രി സ്ഥാനമാണ് ലഭിച്ചിരുന്നത്.  ഉത്തര്‍  പ്രദേശ്‌ കഴിഞ്ഞാല്‍ രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. അവിടെ BJPയുടെ സര്‍ക്കാര്‍ അധികാരത്തില്‍ ഇല്ല എന്നത് BJPയെപ്പോലൊരു ദേശീയ പാര്‍ട്ടിയ്ക്ക് ക്ഷീണമാണ്. ആ ക്ഷീണം മാറ്റാന്‍  LJPയെ മുന്‍നിര്‍ത്തി BJPയാണോ  കളിക്കുന്നത് എന്ന സംശയമാണ്   രാഷ്ട്രീയനിരീക്ഷകര്‍  ഉന്നയിക്കുന്നത്


നിതീഷ് കുമാറിന്‍റെ ജനസമ്മതി വോട്ട് ബാങ്കിന് അനിവാര്യമാണ്. ഒപ്പം നിതീഷ് കുമാറിന്‍റെ അപ്രമാദിത്വം ഇഷ്ടപ്പെടാത്തവരാണ് എല്‍ജെപിയും ബിജെപിയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയല്ലാതെ ബീഹാറില്‍ ഭരണം പിടിക്കുക ബിജെപിക്ക് അസാധ്യമാണ്. അതിനാല്‍ നിതീഷിന്‍റെ നിബന്ധനകള്‍ BJP അംഗീകരിക്കുകയാണ്. സംസ്ഥാനത്ത് നിതീഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് ബിജെപി പരസ്യമായി പറയുന്നത്. 


എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം ബിജെപി- എല്‍ജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ചിരാഗ് പറയുന്നു. എല്‍ജെപിയുടെ നിലപാടിനോട്  ബിജെപി പുലര്‍ത്തുന്ന മൗനം  ജെഡിയുവില്‍ സംശയം ഉണര്‍ത്തിയിട്ടുണ്ട്.   സഖ്യം വിടുന്നത് ജെഡിയുവുമായുള്ള ആശയപരമായ ഭിന്നത മൂലമാണെന്നും തങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു പ്രശ്നവുമില്ലെന്നും എല്‍ജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.


Also read: Bihar Polls: പകുതി സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി JDU-ഉം BJP-ഉം


എന്നാല്‍, നിലവില്‍ ബീഹാറിലെ തിരഞ്ഞെടുപ്പ് സാഹചര്യം പ്രവചിക്കാന്‍ സാധിക്കില്ല.  എല്‍ജെപി സ്ഥാനാര്‍ഥികള്‍ ജെഡിയു വോട്ടുകള്‍ ചോര്‍ത്തുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്‌.  അതേസമയം,  എല്‍ജെപിയിലൂടെ നഷ്ടപ്പെടുന്ന ദളിത് വോട്ടുകള്‍ ജിതന്‍ റാം മാഞ്ചിയിലൂടെ നികത്താമെന്ന   നിതീഷ് കുമാറിന്‍റെ കണക്കു കൂട്ടലുകള്‍ എത്രകണ്ട് വിജയിക്കുമെന്ന്  തിരഞ്ഞെടുപ്പ് ഫലം മാത്രമേ തെളിയിക്കൂ... 


അതേസമയം ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയു 122 സീറ്റുകളിലും  ബിജെപി 121 സീറ്റുകളിലും മത്സരിക്കും. 
ഒക്ടോബര്‍ 28, നവംബര്‍  3, 7  തിയതികളിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും.