2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തകര്‍പ്പന്‍ പദ്ധതികളുമായി ബിജെപി
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തകര്‍പ്പന്‍ തയ്യാറെടുപ്പുകളാണ് ബിജെപി അണിയറയില്‍ നടത്തുന്നത്.
ന്യൂഡല്‍ഹി: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തകര്‍പ്പന്‍ തയ്യാറെടുപ്പുകളാണ് ബിജെപി അണിയറയില്‍ നടത്തുന്നത്.
അടുത്ത തെരഞ്ഞെടുപ്പിലും പ്രചാരണത്തിന്‍റെ ചുക്കാന്‍ പിടിക്കുക പ്രധാനമന്ത്രി തന്നെയെന്ന് വ്യക്തം. ഇതിനായി 2019 ഫെബ്രുവരിയ്ക്ക് മുന്‍പായി മോദി 50 റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാവും പ്രധാനമന്ത്രി റാലി നടത്തുക. ഇതിലൂടെ ഫെബ്രുവരിയ്ക്ക് മുന്‍പായി നൂറിലധികം ലോകസഭാ മണ്ഡലങ്ങളുമായി പ്രധാനമന്ത്രി തന്നെ സമ്പര്‍ക്കത്തിലെത്തുമെന്ന് സാരം.
അതുകൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും 50ഓളം റാലികളില്‍ സംബന്ധിക്കും. അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരാവും പ്രചാരണത്തിന് മുന്‍ നിരയില്‍ ഉണ്ടാവുക.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ബിജെപി കുറഞ്ഞത് 400 ലോക്സഭ മണ്ഡലങ്ങളില്‍ പ്രചരണം നടത്തിക്കഴിഞ്ഞിരിക്കുമെന്ന് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു. കൂടാതെ ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി റാലികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങളില്‍ തയാറാകുന്ന വന്‍കിട പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യേണ്ടതും ശിലാസ്ഥാപനം നടത്തേണ്ടതുമായ പദ്ധതികളുടെ പട്ടിക തയാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റോഡ് വികസനം, റെയില്‍വേ, വ്യോമയാനം, പാര്‍പ്പിടം, നഗരവികസനം തുടങ്ങി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണു മുന്‍ഗണന. പദ്ധതികളുടെ നിര്‍മാണച്ചെലവ്, കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വിഹിതം, ലഭ്യമായ അനുമതികള്‍ തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ പദ്ധതികള്‍ക്കു തുടക്കമിടുകയാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതുമൂലം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കു കിട്ടുന്ന വാര്‍ത്താപ്രാധാന്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിയ്ക്ക് സാധിക്കും. ഇത്തരത്തില്‍ വികസനോന്മുഖ സര്‍ക്കാരെന്ന പ്രതിച്ഛായ പാര്‍ട്ടിയ്ക്ക് ഏറെ ഗുണകരമാകുമെന്നാണു വിലയിരുത്തല്‍.