ലഖ്നൗ: ഉയര്‍ന്ന ജാതിക്കാരായ മന്ത്രിമാര്‍ ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതു വഴി അവര്‍ക്ക് മോക്ഷ പ്രാപ്തിയുണ്ടാവും!!! വേദ വാക്യമല്ല, ഇത് ഉത്തര്‍പ്രദേശ് മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിന്‍റെ പ്രസ്താവനയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദളിതരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബിജെപിയിലെ ഒരു മന്ത്രിയാണ് ദളിത്‌ ഭവനത്തില്‍ ഭക്ഷണത്തിന് പോവും മുന്‍പ് അവരെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പരാമശം നടത്തിയത്. 


തന്‍റെ പ്രസ്താവനയ്ക്ക് ഉദാഹരണമായി അദ്ദേഹം രാമായണത്തിലെ കഥാപാത്രത്തെയാണ്‌ വര്‍ണ്ണിച്ചത്. 'ശ്രീരാമന്‍ ശബരി എന്ന കാട്ടാള സ്ത്രീ നല്‍കിയ പഴങ്ങള്‍ ഭക്ഷിച്ച് അവര്‍ക്ക് അനുഗ്രഹം നല്‍കി. അതിന് തുല്യമാണ് ബി.ജെ.പി നേതാക്കള്‍ ദളിതരുടെ കുടിലുകള്‍ സന്ദര്‍ശിക്കുന്നത്. നേതാക്കളുടെ സന്ദര്‍ശനത്തോടെ ഇവര്‍ അനുഗ്രഹീതരാവും, ഇവര്‍ക്ക് മോക്ഷം ലഭിക്കും' രാജേന്ദ്ര പ്രതാപ് സിംഗ് വിവരിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ടയാളുടെ വീട്ടില്‍ അത്താഴത്തിനു പോവുന്നതിന് മുന്‍പായിരുന്നു മന്ത്രിയുടെ ഈ അനുഗ്രഹീത പ്രഭാഷണം. 


അതേസമയം, സ്വയം പുകഴ്ത്താനും മന്ത്രി മറന്നില്ല എന്നത് മറ്റൊരു വസ്തുത. താനൊരു ക്ഷത്രിയനാണെന്നും മതത്തിന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നത് തന്‍റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞ അദ്ദേഹം എല്ലാത്തിനും വഴി കാട്ടിയായ പ്രധാനമന്ത്രിയ്ക്ക് നന്ദിയും പറഞ്ഞു. കൂടാതെ 'ദളിത് ഭവനത്തില്‍ ഭക്ഷണത്തിന് എത്തുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം നമുക്ക് കാണാം, തങ്ങള്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ഒന്ന് ലഭിച്ചതു പോലെയാണ് അത്’, മന്ത്രി കൂട്ടിചേര്‍ത്തു.


2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദളിത് വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെയാണ് അവരെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പരാമര്‍ശവുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ദളിത് ഗ്രാമങ്ങളില്‍ കൂടുതല്‍ സമയം ചെലവിടണമെന്ന് മന്ത്രിമാരോടും നേതാക്കന്മാരോടും യോഗി ആദിത്യ നാഥ്‌ നിര്‍ദ്ദേശിച്ചിരുന്നു. 


ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ ദളിത് ഭവനത്തില്‍ കൂടുതല്‍ തവണ അത്താഴമുണ്ടാല്‍ ചിലപ്പോള്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതായ അവസ്ഥ വരുമോ എന്തോ... കാത്തിരുന്നു കാണാം.