ആഗ്ര: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിന്നോക്ക വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ ദളിത് ഗ്രാമങ്ങളില്‍ കൂടുതല്‍ സമയം ചെലവിടണമെന്ന് മന്ത്രിമാരോടും നേതാക്കന്മാരോടും യോഗി ആദിത്യ നാഥ്‌ നിര്‍ദ്ദേശിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടി നേതൃത്വം അനുശാസിക്കുന്നത് ശിരസാവഹിക്കുന്ന പതിവാണ് ബിജെപിയില്‍ കാണുവാന്‍ സാധിക്കുക. അതിനാല്‍ നേതാക്കള്‍ പറയുന്നത് അനുസരിക്കാന്‍ മന്ത്രിമാര്‍ കണ്ടെത്തിയ ഉപായമാണ് ദളിത് ഭവനങ്ങളിലെ അത്താഴ വിരുന്ന്. 



ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി മന്ത്രിയായ സുരേഷ് റാണ ദളിത് ഭവനത്തില്‍ അത്താഴം  കഴിച്ചത് വലിയ മാധ്യമ പ്രചാരണം നേടിയിരുന്നു. മന്ത്രിയുടെ ആഡംബര ഭോജനവും വാര്‍ത്തയായിരുന്നു. എന്നാല്‍ സത്യം പുറത്തുവന്നത് പിന്നീടായിരുന്നു. 


ദളിത് ഭവനത്തില്‍ ഭക്ഷണത്തിനിരുന്ന മന്ത്രി ദളിത് കുടുംബം പാചകം ചെയ്ത ഭക്ഷണം നിഷേധിക്കുകയും പുറത്തുള്ള ഭക്ഷണശാലയില്‍ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ വരുത്തിക്കുകയുമായിരുന്നു. 



അതുകൂടാതെ മന്ത്രി എത്തുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് വീട്ടുടമ രജനീഷ് കുമാര്‍ സിംഗ് പറഞ്ഞു. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയാണ് അവര്‍ എത്തിയത്. വീടിനുള്ളില്‍ ഇരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണവും മിനറല്‍ ജലവും അവര്‍ കഴിച്ചു. ഫോട്ടോ എടുക്കുന്നതിന് വേണ്ടിയുള്ള വെറും പ്രഹസനം മാത്രമായിരുന്നുവെന്നും രജനീഷ് കുമാര്‍ പറഞ്ഞു.



 


റാണയും ഏതാനും ബി.ജെ.പി നേതാക്കളുമാണ് രാത്രി പതിനൊന്ന് മണിയോടെ ദളിതന്‍റെ വീട്ടില്‍ ഭക്ഷണത്തിനെത്തിയത്. ദാല്‍ മഖനി, മട്ടര്‍ പനീര്‍, പുലാവ്, തന്തൂരി റൊട്ടി, ഗുലാബ് ജാമുന്‍ തുടങ്ങിയ വിഭവങ്ങളാണ് മന്ത്രിയും കൂട്ടരും ദളിത് സ്‌നേഹം പ്രകടിപ്പിക്കാന്‍ വാങ്ങിക്കൊണ്ടുവന്ന് കഴിച്ച് മടങ്ങിയത്. 


ആരോപണമെങ്കില്‍ നിഷേധിക്കണം, ആ പതിവ് ഇവിടെയും തെറ്റിയില്ല. ആരോപണം മന്ത്രി നിഷേധിച്ചു. തനിക്കൊപ്പം നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്കുള്ള ഭക്ഷണമാണ് പുറത്തുള്ള ഭക്ഷണശാലയില്‍നിന്നും വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. താന്‍ ആ കുടുംബാം പാചകം ചെയ്ത ഭക്ഷണമാണ് അവരുടെ വീട്ടിലെ സ്വീകരണമുറയില്‍ ഇരുന്ന് കഴിച്ചത്. അതുകൂടാതെ, തന്‍റെ സന്ദര്‍ശനത്തെ കുറിച്ച്‌ അവര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.


നേതാക്കന്മാരുടെ ദളിത് സ്നേഹം അണപൊട്ടി ഒഴുകുമ്പോള്‍ ഒരു സംശയം മാത്രം ബാക്കി. പോയകാലത്തെ ജാതിവ്യവസ്ഥയെ നമ്മള്‍ വീണ്ടും തിരികെ കൊണ്ടുവരികയാണോ? വോട്ടിനുവേണ്ടി ജനങ്ങളെ അപമാനിക്കുന്ന ഈ രീതി ശരിയോ തെറ്റോ? ജാതിയ്ക്കും മതത്തിനും നിറത്തിനുമപ്പുറം കടന്ന്, ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നാം എന്ന് തയ്യാറാവും?