174 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ പുതിയ പരിഷ്കരണം ഇന്ത്യന്‍ സംസ്‌കാരത്തിന് ചെരുന്നതല്ലെന്ന് ബിജെപി എംപി. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്ന മസാജ് സേവനങ്ങള്‍ക്ക് എതിരെയാണ് ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി രംഗത്തെത്തിയിരിക്കുന്നത്. 


കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെഴുതിയ കത്തിലാണ് ശങ്കര്‍ തന്‍റെ എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്. 


വൈദ്യസഹായവും ഡോക്ടര്‍മാരുടെ സേവനവുമെല്ലാം യാത്രക്കാര്‍ക്ക് നല്‍കേണ്ടത് ആവശ്യമാണെന്നും മസാജ് പോലുള്ള നിലവാരമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും ശങ്കര്‍ കത്തില്‍ പറയുന്നു. 


ഇത്തരം സേവനങ്ങള്‍ സ്ത്രീകള്‍ക്കു മുന്നില്‍ വെച്ച് നല്‍കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ് അദ്ദേഹം പറയുന്നത്. 


തീര്‍ത്തും അനാവശ്യമായ പരിഷ്കരണത്തിനെതിരെ  സ്ത്രീ സംഘടനകള്‍ പരാതിയുമായെത്തിക്കഴിഞ്ഞെന്നും ശങ്കര്‍ ലാല്‍വാനി മന്ത്രിക്കയച്ച കത്തില്‍ പറയുന്നു.


പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള തല, കാല്‍ മസാജുകളാണ് റെയില്‍വേ ഒരുക്കുന്നത്.  ഗോള്‍ഡ്‌, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ മൂന്നായി തര൦ തിരിച്ചുള്ള മസാജിംഗിന് 100, 200, 300 എന്നിങ്ങനെയാണ് യഥാക്രമം നിരക്ക്. 


രാത്രി പത്ത് മണി മുതല്‍ രാവിലെ ആറു മണി വരെയാണ് മസാജുകള്‍ ലഭ്യമാകുക. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ സേവനം ലഭ്യമായി തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്‍ഡോറില്‍ നിന്നുള്ള 39 ട്രെയിനുകളിലാണ് ആദ്യം സേവന൦ ലഭ്യമാക്കുക. 


ആകര്‍ഷണീയമായ പദ്ധതികളിലൂടെ യാത്രക്കാരുടെ എണ്ണ൦ കൂട്ടുകയും അതുവഴി റെയില്‍വേയുടെ വരുമാന൦ വര്‍ധിപ്പിക്കുകയുമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. 


പ്രതിവര്‍ഷം 90 ലക്ഷം രൂപ വരെ ഇതിലൂടെ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. 


20000 യാത്രക്കാരെങ്കിലും ഈ സംവിധാനം ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്ന് റെയില്‍വേ മീഡിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജേഷ് വാജ്‌പേയി പറഞ്ഞിരുന്നു.