ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വേണ്ട തന്ത്രങ്ങളും സമീപനങ്ങളും തയ്യാറാക്കാന്‍ ബി.ജെ.പിയുടെ രണ്ടുദിവസത്തെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാവും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് ദേശീയ കൗണ്‍സിലിന് തുടക്കം കുറിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും. നാളെ സമാപന സമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കും. യോഗത്തില്‍ 12,000 പ്രതിനിധികള്‍ പങ്കെടുക്കും.


പ്രധാനമന്ത്രിക്കും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും പുറമേ കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയസംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 200 പ്രതിനിധികളുണ്ടാവുമെന്ന് സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.


അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുസംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടികള്‍ പരിഹരിച്ച് താഴെത്തട്ടുമുതല്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയെന്ന അജന്‍ഡയാണ് പ്രധാനമായും യോഗത്തിന് മുന്നിലുള്ളതെന്ന് ദേശീയനേതാക്കള്‍ പറഞ്ഞു. 


കേന്ദ്രസര്‍ക്കാരിന്‍റെ വികസനപരിപാടികള്‍ക്ക് വമ്പന്‍പ്രചാരണം നല്‍കാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും. സാമ്പത്തികസംവരണം, മുത്തലാഖ് ബില്‍, ഒ.ബി.സി. കമ്മിഷന് ഭരണഘടനാപദവി നല്‍കാനുള്ള നീക്കം തുടങ്ങിയവ രാഷ്ട്രീയായുധങ്ങളാക്കാനുള്ള പദ്ധതികള്‍ ആലോചിക്കും.


രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ പാസാക്കും. ശബരിമല, അയോധ്യ എന്നീ വിഷയങ്ങളിലെ പാര്‍ട്ടി നിലപാടിനെ കുറിച്ചും നീക്കത്തെപറ്റിയും ഇവയില്‍ പരാമര്‍ശമുണ്ടായേക്കും.


കേരളത്തില്‍ സി.പി.എമ്മും ഇടതുസര്‍ക്കാരും ബി.ജെ.പി.ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് സംസ്ഥാനഘടകം യോഗത്തില്‍ ചൂണ്ടിക്കാട്ടും. അമിത് ഷായുടെ പ്രസംഗത്തില്‍ കേരളത്തിലെ വിഷയം വിശദമായി പ്രതിപാദിക്കുമെന്നാണ് സൂചന.