ന്യൂഡല്‍ഹി: 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അഗ്നിപരീക്ഷയാകുന്നു. യു.പി തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാക്കി പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അലഹബാദില്‍ നടക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുചോര്‍ച്ചയാണ് യു.പി തെരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളെ അണിനിരത്തി അലഹബാദില്‍ നടത്തുന്ന റാലിയോടെ പ്രചാരണങ്ങള്‍ക്ക് തുടക്കമാകും. മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്‍െറ ആഘോഷം അവസാനിക്കാറായ ഘട്ടത്തിലാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നത്.


2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 80ല്‍  71 സീറ്റും പിടിച്ചെടുത്ത ബി.ജെ.പിക്ക് 42.63 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയില്ളെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ട്.അതിനാല്‍ ഭൂരിപക്ഷ വോട്ടുകള്‍ പരമാവധി സമാഹരിച്ചും ദലിത് വോട്ടുകള്‍ മായാവതിയില്‍നിന്ന് അടര്‍ത്തിയും മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചും യു.പി പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ദേശീയ നിര്‍വാഹകസമിതി രൂപം നല്‍കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കണമെന്ന കാര്യവും ചര്‍ച്ച ചെയ്യും.കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംങ്ങിന്റെ പേരാണ് മുഖ്യമായും ഉയര്‍ന്ന് കേള്‍ക്കുന്നത്.മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, സ്വാമി ആദിത്യനാഥ്, വരുണ്‍ ഗാന്ധി തുടങ്ങിയ പേരുകളും പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയിലുണ്ട്.


മോദി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം ഡല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തോല്‍വിക്കുശേഷം അല്‍പം ആശ്വാസം നല്‍കിയത് അഞ്ചു നിയമസഭകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളായിരുന്നു. എന്നാല്‍, അസം അടക്കം അഞ്ചു സംസ്ഥാനങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്താനോ ആനുപാതികനേട്ടം നിയമസഭയില്‍ ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ളെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കുള്ള ജനപിന്തുണയില്‍ കുറവുവന്നുവെന്നാണ് ഇത് കാണിക്കുന്നത്.