രാജ്യസഭാ തിരഞ്ഞെടുപ്പിൽ അംഗബലം കൂട്ടി ബി.ജെ.പി
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ അംഗബലം കൂട്ടി ബി.ജെ.പി. പാർട്ടിമാറി വോട്ട് ചെയ്യൽ നടന്ന ഉത്തർപ്രദേശിൽ ഒൻപത് സീറ്റിൽ ബി.ജെ.പി. സ്ഥാനാർഥികൾ ജയിച്ചു.
ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയും. നിയമസഭയിലെ അംഗബലമനുസരിച്ച് എട്ടുസീറ്റിലാണ് ബി.ജെ.പി. ജയിക്കേണ്ടിയിരുന്നത്. ഇവിടെ പത്താം സീറ്റിൽ എസ്.പി. പിന്തുണയോടെ വിജയം പ്രതീക്ഷിച്ചിരുന്ന ബി.എസ്.പി. സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. അധികസീറ്റ് നേടിയത്. 245-അംഗസഭയിൽ 58 സീറ്റുകളിലാണ് ഒഴിവു വന്നത്. കേരളത്തിലെ ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. ഇതിൽ 33 സീറ്റുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉത്തർപ്രദേശ്, കർണാടക, ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലായി ബാക്കിയുള്ള 25 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയിച്ച പ്രമുഖരിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ( ഉത്തർപ്രദേശ്), എം.പി. വീരേന്ദ്രകുമാർ (എൽ.ഡി.എഫ്. കേരളം), അഭിഷേക് സിങ്‌വി (കോൺഗ്രസ് -ബംഗാൾ), ജയാ ബച്ചൻ ( എസ്.പി -ഉത്തർപ്രദേശ്) എന്നിവരുൾപ്പെടും.
ബംഗാളിൽ കോൺഗ്രസ് സ്ഥാനാർഥിയായ അഭിഷേക് സിങ്‌വിയെ തൃണമൂൽ കോൺഗ്രസ് പിന്തുണച്ചിരുന്നു. ഇതോടെ 59 സീറ്റിൽ 28 സീറ്റ് ബി.ജെ.പി.ക്കു ലഭിച്ചു. കോൺഗ്രസിന് പത്തും. 10 സീറ്റുകളിലേക്ക് 11 സ്ഥാനാർഥികൾ രംഗത്തുവന്ന ഉത്തർപ്രദേശിലായിരുന്നു വാശിയേറിയ മത്സരവും അണിയറക്കളികളും അരങ്ങേറിയത്. തർക്കങ്ങളെത്തുടർന്ന് ഇവിടെ വോട്ടെണ്ണൽ രണ്ടുമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ബി.എസ്.പി. അംഗം അനിൽ കുമാർ സിങ്ങാണ് ചേരിമാറി ബി.ജെ.പി. സ്ഥാനാർഥിക്കു വോട്ട് ചെയ്തത്. ജാർഖണ്ഡ്, കർണാടക എന്നിവടങ്ങളിലും കൂറുമാറിവോട്ട് ചെയ്യലുണ്ടായി. കോൺഗ്രസുമായി ചേർന്ന് റിട്ടേണിങ് ഓഫീസർ തങ്ങളുടെ രണ്ട് അംഗങ്ങളെ ചേരിമാറി വോട്ടുചെയ്യാൻ സഹായിച്ചതായാണ് കർണാടകത്തിൽ ജെ.ഡി.എസിന്‍റെ ആരോപണം. അവിടെയവർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.