ഉത്തർപ്രദേശിൽ 73 കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു; മൂന്ന് മരണം
കാൺപൂരിൽ രണ്ട് പേരും മഥുരയിൽ ഒരാളും ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മരിച്ചു. ലഖ്നൗവിൽ കൊവിഡ് രോഗിക്ക് കാഴ്ച നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്
ലഖ്നൗ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ആശങ്കയുയർത്തി കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസും (Black Fungus) വ്യാപിക്കുന്നു. ഉത്തർപ്രദേശിൽ 73 കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിലും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാൺപൂരിൽ രണ്ട് പേരും മഥുരയിൽ ഒരാളും ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മരിച്ചു. ലഖ്നൗവിൽ കൊവിഡ് രോഗിക്ക് കാഴ്ച നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്. വാരണാസിയിലാണ് കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. ഇവിടെ 20 കൊവിഡ് രോഗികളിൽ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഗോരഖ്പൂരിൽ 10 പേർക്കും പ്രയാഗ് രാജിൽ ആറ് പേർക്കും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 14 അംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം.
ALSO READ: COVID മുക്തരായവരില്‍ Mucormycosis Fungus ബാധ, മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍
അതേസമയം, മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് (Mucormycosis) രോഗം ബാധിച്ച് 52 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ എല്ലാവരും കൊവിഡ് രോഗമുക്തി നേടിയവരാണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ഇതുവരെ 52 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. എല്ലാവരും കൊവിഡ് (Covid) രോഗം ഭേദമായവരാണ്. തലവേദന, പനി, കണ്ണുകളിൽ വേദന, മൂക്കൊലിപ്പ്, സൈനസൈറ്റിസ്, കവിൾ അസ്ഥി വേദന, തരിപ്പ്, വീക്കം, പല്ലിളകുക, കാഴ്ച മങ്ങുക, നെഞ്ചുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
ആദ്യമായാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ സർക്കാർ പുറത്ത് വിടുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1500 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ വ്യക്തമാക്കിയിരുന്നു. കൊവിഡ് അതിതീവ്ര വ്യാപനത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത് ആരോഗ്യമേഖലയിൽ വലിയ ആശങ്ക പരത്തുന്നുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കൊവിഡാനന്തരം രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നവരെയാണ് ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിക്കുന്നത്.
ALSO READ: Sputnik vaccine: ഇന്ത്യയിൽ വാക്സിൻ വിൽക്കാനുള്ള വില നിശ്ചയിച്ചു
മധ്യപ്രദേശിൽ ഇതുവരെ ഏഴ് മ്യൂക്കോർമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗികളിൽ ഉയർന്ന അളവിൽ നൽകുന്ന മരുന്നിന്റെ പാർശ്വഫലമായാണ് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഭോപ്പാലിൽ ബ്ലാക്ക് ഫംഗസ് രോഗികൾക്കായി 20 കിടക്കകളുള്ള വാർഡ് രൂപീകരിച്ചിരുന്നു. ആന്റിഫംഗലുകൾ ഉപയോഗിച്ചാണ് മ്യൂക്കോർമൈക്കോസിസിന് പൊതുവെ ചികിത്സ നൽകുന്നത്. ഗുരുതരാവസ്ഥയാണെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹ രോഗമുള്ളവർ കൊവിഡ് മുക്തി നേടിയ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കണം. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണം. പ്രധാനമായും വേണ്ടത് വ്യക്തിശുചിത്വം തന്നെയാണ്. മാസ്ക് കൃത്യമായി ധരിക്കുക, മണ്ണിലേക്ക് ഇറങ്ങുമ്പോൾ ഷൂസ് ധരിക്കുക, കാൽ മുഴുവനായി മറയുന്ന പാന്റ്സ് ധരിക്കുക, കൈമൂടിയ ഷർട്ട് ധരിക്കുക, ഗ്ലൗസ് ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...