പറ്റ്ന: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇവരില്‍ കുറച്ചുപേരുടെ നില അതീവ ഗുരുതരമാണ്. ഗോപാല്‍ഗഞ്ചിലുള്ള സാസാ മൂസാ പഞ്ചസാര മില്ലിലാണ് ദുരന്തം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. ബോയിലറിന് സമീപം ജോലിചെയ്തിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായിപ്പോയിരുന്നു. സംഭവം നടക്കുമ്പോള്‍ ഏകദേശം നൂറോളം തൊഴിലാളികള്‍ മില്ലില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
 
കൂടാതെ  മൂന്നുപേരെ വിദഗ്ധ ചികില്‍സയ്ക്കായി പറ്റ്നയിലെത്തിച്ചിട്ടുണ്ട്. മില്ലിനുള്ളില്‍ ഇപ്പോഴും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അമിതമായി ചൂടായതിനെതുടര്‍ന്നാണ് ബോയിലര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. 


സ്‌ഫോടനത്തെത്തുടര്‍ന്ന് ഉടന്‍തന്നെ പൊലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ മില്ലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. 


എൻജിനീയർമാരുടെ ഉപദേശങ്ങൾക്കും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ക്കും മില്‍ അധികൃതര്‍ ശ്രദ്ധ നല്‍കിയിരുന്നില്ല എന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചിച്ചു.


പറ്റ്നയില്‍നിന്നും ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഗോപാല്‍ഗഞ്ച്.