ബ്ലു വെയ്ല്‍ ചലഞ്ച്: ട്രെയിനിന് മുന്നില്‍ സെല്‍ഫിയെടുത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
ബ്ലു വെയ്ല്‍ ഗെയിം കളിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
ഭോപ്പാല്‍: ബ്ലു വെയ്ല്‍ ഗെയിം കളിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
മധ്യപ്രദേശിലെ ദമോ നഗരത്തിലാണ് സംഭവം. മരിച്ച കുട്ടി ബ്ലു വെയ്ല്‍ ഗെയിം കളിച്ചിരുന്നതായി സഹപാഠികളാണ് വെളിപ്പെടുത്തിയത്.
തങ്ങളുടെ ഈ വിദ്യാര്‍ത്ഥിയാണ് ആദ്യമായി ബ്ലു വെയ്ല്‍ ഗെയിം കളിക്കാന്‍ തുടങ്ങിയതെന്നും, എന്നാല്‍ എവിടെ നിന്നാണ് ഗെയിമിന്‍റെ ലിങ്ക് ഡൗണ്‍ലോഡ് ചെയ്തതെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കുകയായിരുന്നെന്നും അതുവഴിയാണ് മരണം സംഭവിച്ചതെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് അരുണ്‍ ദൂബെ പറഞ്ഞു.
ഗെയിമിന്‍റെ അവസാന ഘട്ടത്തിലെത്തിയ വിദ്യാര്‍ത്ഥി അത് പൂര്‍ത്തീകരിക്കുന്നതിനായി രാത്രിയില്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെടുകയായിരുന്നു. ദമോയ്ക്കടുത്ത് ഫുടേര തടാകത്തിന് സമീപമുള്ള റെയില്‍വേ ക്രോസിംഗില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥി ബൈക്ക് റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ട ശേഷം സെല്‍ഫിയെടുത്ത് അപകടം വരുത്തിവെക്കുകയായിരുന്നുവെന്ന് ദുബെ പറഞ്ഞു.
റെയില്‍വേ ക്രോസിംഗിന്‍റെ സമീപത്തുള്ള വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ സംഭവത്തിന്‍റെ മുഴുവന്‍ ചിത്രവും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബ്ലു വെയ്ല്‍ ഗെയിം ചലഞ്ചിന്‍റെ ഭാഗമായി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകന്‍റെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ടിരുന്നു.
ലോകത്തെ പല ഭാഗങ്ങളിലുമായി ബ്ലു വെയ്ല്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് 200ഓളം പേരാണ് മരിച്ചത്. ഇന്ത്യയില്‍ തന്നെ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.