ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിൽ; നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച; വൻ വരവേൽപ്പ് നൽകാൻ രാജ്യം
റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട നിലപാട് കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാവുമെന്നാണ് സൂചന
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ബോറിസ് ജോൺസൺ എത്തുന്നത്. ആദ്യദിനം ഗുജറാത്തിലായിരിക്കും സന്ദർശനം നടത്തുന്നത്. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹത്തിന് വൻ വരവേൽപ്പാണ് രാജ്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശത്തുമായി ഇന്ത്യൻ കലാരൂപങ്ങൾ അണിനിരത്തും.10 മണിയോടെ സബർമതി ആശ്രമത്തിലെത്തുന്ന അദ്ദേഹം വ്യവസായികളുമായി കൂടിക്കാഴ്ചയും നടത്തും.
ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയിലും വൈകീട്ട് അക്ഷർധാം ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തും. നാളെ ദില്ലിയിൽ വച്ചായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട നിലപാട് കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാവുമെന്നാണ് സൂചന. ഇന്ത്യയുടെ നിലപാടിൽ മാറ്റം വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ശത്രുത വെടിഞ്ഞ് യുക്രൈനും റഷ്യയും സമാധാനത്തിന്റെ പാത പിന്തുടരണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. നിലവിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നിലപാട് മാറ്റത്തിനും സാധ്യതയില്ലെന്നാണ് സൂചന. ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...