ബ്രിക്സ് ഉച്ചകോടി ആരംഭിച്ചു; ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ആരോഗ്യ സുരക്ഷയും നമ്മുടെ ദൗത്യമെന്ന് മോദി
ഒന്‍പതാമത് ബ്രിക്സ് സമ്മേളനം ചൈനയില്‍ ആരംഭിച്ചു. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
സിയാമെന്‍: ഒന്‍പതാമത് ബ്രിക്സ് സമ്മേളനം ചൈനയില്‍ ആരംഭിച്ചു. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
വൈരുദ്ധ്യങ്ങള്‍ മാറ്റിവച്ച് പരസ്പര ധാരണയ്ക്ക് ശ്രമിക്കണമെന്നും, ബ്രിക്സ് രാജ്യങ്ങളുടെ സഹകരണമില്ലാതെ ലോകം നേരിടുന്ന വെല്ലുവിളികളെ കാര്യക്ഷമമായി പരിഹരിക്കാനാവില്ലെന്നും പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറഞ്ഞു.
പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് നല്കിയ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. ബ്രിക്സ് സമ്മേളനത്തിനുവേണ്ടി ചൈന നടത്തിയ തയ്യാറെടുപ്പിനെ അദ്ദേഹം പ്രശംസിച്ചു.
മോദി പ്ലീനറി സമ്മേളനത്തിലെ തന്റെ പ്രസംഗത്തില്‍ ഭീകരവാദം ഉള്‍പ്പെടുത്തിയില്ല. മറിച്ച് സമാധാനം, ദാരിദ്ര്യം, ലിംഗ സമത്വം മുതലായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യ സുരക്ഷ, ശുചീകരണം, നൈപുണ്യ വികസനം, ഭക്ഷ്യ സുരക്ഷ, ലിംഗ സമത്വം, ഊർജ്ജം, വിദ്യഭ്യാസം എന്നിവയിലൂന്നിയതാണ് നമ്മുടെ ദൗത്യമെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക് ചൈനീസ് പ്രസിഡന്റ് ഹൃദ്യമായ സ്വീകരണം നല്‍കിയിരുന്നു. ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഡോകലാം പ്രശ്നത്തെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ 73 ദിവസം നീണ്ട അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
ഗോവ ഉച്ചകോടിയിലെ ഫലപ്രാപ്തിയും ബ്രിക്സ് അംഗങ്ങളുമായുള്ള ഊഷ്മള ബന്ധം ദൃഢപ്പെടുത്താനുമാണ് യാത്രയെന്ന് ചൈനയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മോദി പറഞ്ഞിരുന്നു.
ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കു പുറമേ ഈജിപ്ത്, കെനിയ, താജിക്കിസ്ഥാൻ, മെക്സിക്കോ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളായി ഉച്ചകോടിയിൽ പങ്കെടുക്കും.