ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഡ്രോൺ; പാകിസ്ഥാൻ ഭാഗത്ത് നിന്ന് വന്ന ഡ്രോണിന് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു; മേഖലയിൽ സുരക്ഷ ശക്തമാക്കി
അതിർത്തി രക്ഷാ സേനയുടെ കണ്ണിൽപ്പെട്ട ഡ്രോൺ തിരികെ പാകിസ്ഥാൻ ഭാഗത്തേക്ക് തന്നെ മടങ്ങുകയും ചെയ്തു
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് പാകിസ്ഥാൻ ഭാഗത്ത് നിന്ന് വന്ന ഡ്രോൺ കണ്ടെത്തി ഇന്ത്യൻ സൈന്യം. അതിർത്തി രക്ഷാ സേനയുടെ കണ്ണിൽപ്പെട്ട ഡ്രോൺ തിരികെ പാകിസ്ഥാൻ ഭാഗത്തേക്ക് തന്നെ മടങ്ങുകയും ചെയ്തു. ഇന്ത്യൻ സൈന്യം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനുള്ള തുരങ്കം കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ഉള്ളിലാണ് പാകിസ്ഥാൻ ഭാഗത്ത് നിന്ന് രാജ്യാന്തര അതിർത്തിയിൽ ഡ്രോൺ എത്തിയത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.
മേയ് ഏഴാം തീയതി ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ബിഎസ്എഫ് വക്താക്കൾ വ്യക്തമാക്കി. രാവിലെ ഏഴരയോടെ ജമ്മുവിലെ രാജ്യാന്തര അതിർത്തിയോട് ചേർന്ന ആർണിയ മേഖലയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ചെറിയ ഫ്ലാഷ് ലൈറ്റുകളോടെ ഇന്ത്യൻ ഭാഗത്തെ ലക്ഷ്യമാക്കി വന്ന ഡ്രോൺ സൈന്യം കണ്ടെത്തുകയായിരുന്നു. ഇതെ തുടർന്ന് അതിർത്തി രക്ഷാ സൈന്യം എട്ട് റൗണ്ട് മുന്നറിയിപ്പെന്ന രീതിയിൽ വെടിവെച്ചു. ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ച ശേഷമാണ് ഡ്രോൺ തിരികെ പാകിസ്ഥാൻ ഭാഗത്തേക്ക് മടങ്ങിയതെന്ന് സൈന്യം വ്യക്തമായിട്ടുണ്ട്.
സംഭവത്തെ തുടർന്ന് മേഖലയിൽ മുഴുവൻ പരിശോധനയും നിരീക്ഷണവും അതിർത്തി രക്ഷാ സേന കർശനമാക്കി.ഡ്രോണിൽ നിന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് ഒന്നും നിക്ഷേപിച്ചിട്ടില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഉപയോഗിച്ചിരുന്ന അതിർത്തി മേഖലയിലെ തുരങ്കം കണ്ടെത്തിയതിനെ തുടർന്ന് അതിർത്തി മേഖലയിൽ സൈന്യം പരിശോധന ശക്തമാക്കിയിരുന്നു.
ചക് ഫക്വീറയിൽ തുരങ്കം കണ്ടെത്തിയതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ ഭാഗത്ത് നിന്ന് ഡ്രോൺ എത്തിയതിനെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. രാജ്യാന്തര അതിർത്തിയിൽ ഡ്രോൺ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നതിന് വിലക്കുണ്ട്. ചാര പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഡ്രോൺ എത്തിയതെന്ന പ്രാഥമിക വിലയിരുത്തലിലാണ് സൈന്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.