ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യബജറ്റ് നാളെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റയില്‍ ബജറ്റും, ഇക്കുറി പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യദിനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, വരുംദിവസങ്ങളില്‍ റെയില്‍ ബജറ്റ്, സാമ്പത്തിക സര്‍വേ, ബജറ്റ് എന്നതായിരുന്നു ഇതുവരെയുള്ള വഴക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍പ്രദേശ് അടക്കം 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. ബജറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവരുതെന്നു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 


നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റ് അവതരണവും ഉള്‍പ്പെടുന്ന ആദ്യത്തെ രണ്ട് സമ്മേളനദിനങ്ങളും ബഹിഷ്കരിക്കും.


രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യസഭ, ലോക്സഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ ചൊവ്വാഴ്ച രാവിലെ 11ന് സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ധനരംഗത്തെ ദിശ വെളിപ്പെടുത്തുന്ന നടപ്പുവര്‍ഷത്തെ സാമ്പത്തിക സര്‍വേ ചൊവ്വാഴ്ചതന്നെ പാര്‍ലമെന്‍റില്‍ വെക്കും. 


ബുധനാഴ്ച രാവിലെ 11ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. 92 വര്‍ഷമായി തുടര്‍ന്ന രീതി അവസാനിപ്പിച്ച് റെയില്‍വേ ബജറ്റു കൂടി ഉള്‍ച്ചേര്‍ത്ത പൊതുബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്.