ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണം: യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് സുബോധ് കുമാറിന്‍റെ കുടുംബം
യുപിയിലെ ബുലന്ദ്ഷഹറില്‍ ഗോ വധത്തിന്‍റെ പേരില്‍ ബജരംഗദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്‍റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു.
ലഖ്‌നൗ: യുപിയിലെ ബുലന്ദ്ഷഹറില്‍ ഗോ വധത്തിന്‍റെ പേരില്‍ ബജരംഗദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്‍റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു.
ലഖ്‌നൗവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സുബോധ് കുമാറിന്‍റെ ഭാര്യ, രണ്ട് ആണ്‍മക്കള്‍, സഹോദരി, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ലഖ്‌നൗവില്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം പോലീസ് മേധാവി ഒ.പി. സിംഗും കുടുംബവുമായി സംസാരിച്ചു.
കൂടാതെ, സുബോധ് കുമാര്‍ സിംഗിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് മുഖ്യമന്ത്രി കുടുംബത്തെ കാണുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്‍റെ കുടുംബത്തോട് സംസാരിച്ചു എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുടുംബവുമായി ബന്ധപ്പെട്ടില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
സംഭവത്തിനുശേഷം ദുരിതാശ്വാസ പ്രഖ്യാപനം നടത്തിയതൊഴികെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രത്യേക പ്രതികരണമൊന്നും നടത്തിയിരുന്നില്ല. സുബോധ് കുമാറിന്‍റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് പത്ത് ലക്ഷം രൂപയും യോഗി ആദിത്യനാഥ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കുടുംബത്തില്‍ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ബുലന്ദ്ഷഹറില്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ട ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍, ഈ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാതെ പശുവിന് സംരക്ഷണം നല്‍കുന്നതിനെപ്പറ്റിയാണ് ആലോചന നടന്നത് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഡി.ജി.പി ഒ.പി സിംഗ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. അന്വേഷണത്തെപ്പറ്റിയും പൊലീസ് നടപടിയെക്കുറിച്ചും ചോദിച്ചപ്പോള്‍, അതേപ്പറ്റി പറയാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു.
അതേസമയം, പ്രതികള്‍ക്കെതിരെ സാധ്യമായ കര്‍ശന നടപടിയെടുക്കുമെന്നും നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും സുബോധ് സിംഗിന്‍റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമത്തിനടുത്തുള്ള കാട്ടിൽ കശാപ്പ് ചെയ്യപ്പെട്ട പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ചില ഹിന്ദു സംഘടനയില്‍പ്പെട്ട ആളുകള്‍ ഈ അവശിഷ്ടങ്ങള്‍ റോഡില്‍ കൊണ്ടിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇത് എടുത്തുനീക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്.
സംഭവുമായി ബന്ധപ്പെട്ട് യോഗേഷ് രാജ് എന്നുപേരുള്ള യുവാവാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ ബജരംഗദളിന്‍റെ ജില്ലാ കോർഡിനേറ്ററാണ്. പ്രദേശത്ത് സംഘര്‍ഷം പോട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് യോഗേഷ് രാജാണ് ഗോവധവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. യോഗേഷ് രാജിനെക്കൂടാതെ 3 പേരെക്കൂടി പൊലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെക്കൂടാതെ 6 മറ്റ് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.