ബുള്ളറ്റ് ട്രെയിന്‍ അവിടെ നില്ക്കട്ടെ, ആദ്യം വേണ്ടത് ഡോക്ടര്‍മാരും മരുന്നും
എന്‍ഡിഎ സര്‍ക്കാരിന്‍റെ സ്വപ്നമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആരംഭിക്കുന്നതു മുന്‍പ് ചെറിയ അടിസ്ഥാന ആവശ്യങ്ങളുടെ പട്ടികയുമായി പല്‍ഘര്‍ ഗ്രാമവാസികള്‍.
മുംബൈ: എന്‍ഡിഎ സര്‍ക്കാരിന്‍റെ സ്വപ്നമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആരംഭിക്കുന്നതു മുന്‍പ് ചെറിയ അടിസ്ഥാന ആവശ്യങ്ങളുടെ പട്ടികയുമായി പല്‍ഘര്‍ ഗ്രാമവാസികള്‍.
കുളങ്ങൾ, ആംബുലൻസുകൾ, സോളാർ തെരുവ് വിളക്കുകൾ, ഡോക്ടർമാർ, മരുന്ന് എന്നിവയാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഗ്രാമീണര്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സർക്കാരിന്‍റെ ഉജ്ജ്വല ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് മുന്‍പ് അവർ ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്.
പാൽഘർ ജില്ലയും ബുള്ളറ്റ് ട്രെയിനും തമ്മില്‍ എന്തു ബന്ധം എന്നല്ലേ, 508 കിലോമീറ്റര്‍ നീളമുള്ള ബുള്ളറ്റ് ട്രെയിന്‍ പാതയുടെ 110 കിലോമീറ്റര്‍ പാൽഘർ ജില്ലയിലൂടെയാണ് കടന്നു പോകുന്നത്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ 300 ഓളം ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാരിന് ആവശ്യം. അതായത് പദ്ധതിയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് മഹാരാഷ്ട്രയില്‍ തന്നെ 73 ഗ്രാമങ്ങളെ ബാധിക്കും.
ഗുജറാത്തിലൂടെ കടന്നു പോകുന്ന പാതയ്ക്കുവേണ്ടി ഏകദേശം 850 ഹെക്ടര്‍ ഭൂമിയാണ് വേണ്ടി വരിക. 8 ജില്ലകളിലൂടെയാണ് ബുള്ളറ്റ് ട്രെയിന്‍ പാത കടന്നുപോകുന്നത്. ഇവിടെയും വളരെയധികം കുടുംബങ്ങളെ ഇത് സാരമായി ബാധിക്കും.
അതേസമയം, ഗുജറാത്തില്‍ ഇതിനോടകം എൻഎച്ച്ആർസിഎൽ 195 ഗ്രാമങ്ങള്‍ക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂമി വിട്ടുകൊടുക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന പദ്ധതിയാവുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് സാധുതയില്ല എന്നത് മറ്റൊരു വസ്തുത.
അതേസമയം ഭൂമി ഏറ്റെടുക്കലിന് തടസ്സങ്ങള്‍ വേറെയുമുണ്ട്. മഹാരാഷ്ട്രയിലെ സപ്പോട്ട കൃഷിക്കാരുടെയും മാമ്പഴക്കൃഷിക്കാരുടെയും ഭൂമിയിലൂടെയാണ് മോദിയുടെ സ്വപ്നവാഹനം പായേണ്ടത്. എന്നാൽ കർഷകർ തങ്ങളുടെ നിലം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കഠിനാധ്വാനം ചെയ്താണ് ഈ തോട്ടങ്ങൾ തങ്ങളുടെ കുട്ടികൾക്കു വേണ്ടി വളർത്തിയതെന്നും ബുള്ളറ്റ് ട്രെയിനിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും കർഷകർ പറയുന്നു.
17 ബില്യൺ ഡോളർ ചെലവിട്ട് ഇന്ത്യയിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതി 'ബുള്ളറ്റ് ട്രെയിൻ' ഇനി എത്താനിടയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പദ്ധതിയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ജപ്പാൻ വെച്ച ഉപാധികൾ പാലിക്കാൻ മോദി സര്‍ക്കാരിന് കഴിയാനിടയില്ലെന്നതാണ് വാസ്തവം.
പദ്ധതിയുടെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭൂമി ഏറ്റെടുക്കൽ പൂര്‍ത്തിയായിട്ടില്ല, എന്ന് മാത്രമല്ല ഇതിനായി ജപ്പാൻ വെച്ചിട്ടുള്ള സമയപരിധിയായ ഡിസംബർ മാസത്തിന് മുന്‍പ് ഭൂമി ഏറ്റെടുക്കൽ നടപ്പാക്കാൻ സാധിക്കുകയുമില്ല എന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടത്. കരാറനുസരിച്ച് 2022 ഓഗസ്റ്റ് 15നകം പദ്ധതി പൂര്‍ത്തിയാകണം.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിച്ചിരുന്ന സ്വപ്നപദ്ധതിയായിരുന്നു ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. 110 ലക്ഷം കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. ചെലവിന്‍റെ 81 ശതമാനവും ജപ്പാന്‍ വായ്പയോടെയാണ് നടക്കുന്നത്. 50 വര്‍ഷം കൊണ്ട് ഇന്ത്യ തുക തിരിച്ചടയ്ക്കണം.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയുള്ള ഈ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമായാല്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് ഉള്ള 508 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍കൊണ്ട് പിന്നിടാനാകും. ആകെ 12 സ്റ്റേഷനുകള്‍ ആണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണ് യാത്ര.