ന്യൂഡൽഹി: മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലേലത്തിന് വച്ച് വിവാദമായ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ബുള്ളി ഭായ്. 'സുള്ളി ഡീൽസ്' എന്ന വിവാദമായ ഓൺലൈൻ അപകീർത്തിക്ക് പിന്നാലെയാണ് ​ഗിറ്റ്ഹബിൽ പുതിയ ആപ്പ് പ്രത്യക്ഷപ്പെട്ടത്. ബുള്ളി ഭായ് എന്ന പേരിൽ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രത്യക്ഷപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ സജീവമായ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ, അവർ അറിയാതെ അവരുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ബുള്ളി ഭായിയെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്. മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ, പ്രശസ്തരായ വ്യക്തികൾ തുടങ്ങി നിരവധി സ്ത്രീകളെ ബുള്ളി ഭായ് ആപ്പിലൂടെ അപകീർത്തിപ്പെടുത്തി. മുംബൈ സൈബർ സെല്ലും ഡൽഹി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ ഈ ആപ്പ് വഴി ലേലത്തിന് വച്ചിട്ടുണ്ടെന്ന് വ്യക്തമായി.


ബുള്ളി ബായ് ആപ്പ് എന്താണ് ചെയ്തത്?


"ഇന്നത്തെ സുള്ളി ഇടപാട്" എന്ന അപകീർത്തികരമായ ടാഗ്‌ലൈൻ ഉപയോഗിച്ച്, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് ഓൺലൈനിൽ ലേലത്തിന് വയ്ക്കുകയാണ്. 'സുള്ളി' എന്നത് മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നതിനായി ഇവർ ഉപയോ​ഗിക്കുന്ന പേരാണ്. ആപ്പ് സ്രഷ്‌ടാക്കൾ സ്ത്രീകളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഫോട്ടോകൾ ഉപയോഗിക്കുന്നുണ്ട്.


'ബുള്ളി ഭായ്' ആപ്പ് സുള്ളി ഡീലുകളുടെ ഒരു കൂട്ടമാണോ?


മുസ്ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിന് വച്ച് കമന്റുകളിലൂടെയും ​ടാ​ഗ് ലൈനുകളിലൂടെയുും അപകീർത്തിപ്പെടുത്തുന്ന ഒരു സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സംശയിക്കുന്നത്. ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് ഇക്കാര്യം ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. താൻ വിഷയം മുംബൈ പോലീസിനോട് ഉന്നയിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. വിഷയം ശ്രദ്ധയിൽപ്പെട്ട വിവരസാങ്കേതിക മന്ത്രാലയം ബുള്ളി ഭായ് ആപ്പിനെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ചു. ബുള്ളി ഭായ് ആപ്പിനെ ബ്ലോക്ക് ചെ്യതതായും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


​ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിൽ സൃഷ്ടിച്ച 'ബുള്ളി ഭായ്' എന്ന മൊബൈൽ ആപ്ലിക്കേഷനിൽ തന്നെ അപകീർത്തിപ്പെടുത്തുന്നതായി ഒരു മാധ്യമപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് കേസെടുത്തത്. സൗത്ത്-ഈസ്റ്റ് ജില്ലയിലെ സൈബർ പോലീസ് സ്റ്റേഷനിൽ സെക്ഷൻ 509 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുകയും ഓൺലൈൻ പ്ലാറ്റ്ഫോം വഴി ലേലം ചെയ്യുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് വീണ്ടും ഇതേ സംഭവം ആവർത്തിക്കുന്നത്.


കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് നടപടി സ്വീകരിച്ചുവെന്നും 'ബുള്ളി ഭായ്' ആപ്പിന് പിന്നിലുള്ള ​ഗിറ്റ്ഹബ് ഉപയോക്താവിനെ ബ്ലോക്ക് ചെയ്തതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.


ബുള്ളി ഭായ് ആപ്പിനെതിരെ പ്രതിഷേധം


ബുള്ളി ഭായ് ആപ്പ് വഴി മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ പ്രതിഷേധിച്ചു. സർക്കാരിനോടും ഡൽഹി പോലീസിനോടും കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. "അപകടകരമായ മുസ്ലീം വിരുദ്ധതയും സ്ത്രീവിരുദ്ധതയും വീണ്ടും നടക്കുന്നത് അംഗീകരിക്കാനാവില്ല. മുൻപ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായപ്പോൾ കർശന നടപടി സ്വീകരിക്കാത്തതാണ് വീണ്ടും ആവർത്തികാൻ കാരണമെന്ന്” കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.


അധികാരികളുടെ നിഷ്‌ക്രിയത്വമാണ് കുറ്റവാളികൾക്ക് വീണ്ടും പ്രചോദനമാകുന്നതെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. സിപിഐ നേതാവ് കവിതാ കൃഷ്ണനും സംഭവത്തിനെതിരെ രൂക്ഷ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.