മുംബൈ: സീരിയലില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നടിയെ ബലാത്സംഗം ചെയ്ത് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ സെഷന്‍ കോടതി. കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥ് ഘോഷാണ് സംഭവത്തിലെ പ്രതി. 23 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയ്ക്ക് ടെലിവിഷന്‍ സീരിയലില്‍ വേഷം നല്‍കാമെന്ന് രവീന്ദ്രനാഥ് ഘോഷ് വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഒരു സീരിയലിന്‍റെ ഓഡീഷനില്‍ യുവതി പങ്കെടുക്കുകയും ചെയ്തിരുന്നു. 


വേഷം നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് രവീന്ദ്രനാഥ് ഘോഷ് യുവതിയോട് ആവശ്യപ്പെടുകയും 2012 ഫെബ്രുവരി മാസത്തില്‍ യുവതിയെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു. മാത്രമല്ല ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. 


വീണ്ടും വഴങ്ങി തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് രവീന്ദ്രനാഥ് ഘോഷ് ഭീഷണിപ്പെടുത്തിയെങ്കിലും യുവതി അയാളുടെ ആവശ്യം നിരസിച്ചു. തുടര്‍ന്ന് രവീന്ദ്രനാഥ് ഘോഷ് ഭര്‍ത്താവിന് യുവതിയുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തു.


അതോടെ ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന് ആരോപിച്ച യുവതി 2018 ലാണ് പോലീസില്‍ പരാതി നല്‍കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തടവ് ശിക്ഷയ്ക്ക് പുറമെ രവീന്ദ്രനാഥ് ഘോഷില്‍ നിന്ന് കോടതി 1.31 ലക്ഷം രൂപ പിഴയും ഈടാക്കി. ഇതില്‍ നിന്ന് 1 ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി ലഭിക്കും.