ന്യൂഡല്‍ഹി: കാവേരി കേസിലെ വിധി നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. ചൊവ്വാഴ്ചക്കകം വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കോടതി വിധി പ്രകാരമുള്ള വെള്ളം ഈ കാലയളവിൽ കര്‍ണാടകം തമിഴ്നാട്ടിന് വിട്ടുകൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതി വിധി പ്രകാരം കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള കരട് പദ്ധതിരേഖ സമര്‍പ്പിക്കാൻ പത്ത് ദിവസത്തെ സാവകാശം കൂടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. കരട് പദ്ധതി രേഖക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വാങ്ങണം. പ്രധാനമന്ത്രി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാലാണ് തീരുമാനം വൈകുന്നതെന്നും അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ ഒരു ദിവസം പോലും അധികം നൽകാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി. 


പദ്ധതി രേഖ തയ്യാറാക്കികഴിഞ്ഞു എന്ന് ഇതിന് മുമ്പ് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞ സര്‍ക്കാര്‍ ഇപ്പോൾ അതിൽ നിന്ന് പുറകോട്ടുപോകുന്നു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന തമിഴ്നാട്ടിലെ ജനങ്ങൾക്ക് എന്ത് മറുപടി നൽകും. ചൊവ്വാഴ്ചക്കകം കാവേരി മാനേജുമെന്‍റ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തിലെ വിശദാംശങ്ങൾ അറിയിക്കണം. അതല്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. ഈ കാലയളവിൽ നാല്  ടിഎം.സി വെള്ളം തമിഴ്നാട്ടിന് കര്‍ണാടകം വിട്ടുകൊടുക്കുകയും വേണം. അതിൽ വീഴ്ചവരുത്തിയാൽ സ്വമേദയാ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.


കേസിൽ വരുന്ന ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവ് ഇറക്കിയേക്കും. കാവേരി ബോര്‍ഡ് രൂപീകരിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാവേരി ബോര്‍ഡ് തീരുമാനം കേന്ദ്രം നീട്ടിക്കൊണ്ടുപോകുന്നത് കര്‍ണാടകത്തിലെ എതിര്‍പ്പുകൾ ഭയന്നുതന്നെയാകാം. അതിനുള്ള തിരിച്ചടിയായി ഇന്നത്തെ സുപ്രീംകോടതിയുടെ വിമര്‍ശനം.