ന്യൂഡല്‍ഹി: റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയേയും മകന്‍ രാഹുല്‍ കോത്താരിയേയും ഇന്നലെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 3,700 കോടിയുടെ വായ്പാ തട്ടിപ്പാണ് ഇവരുടെ പേരില്‍ ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മൂന്നു ദിവസം മുന്‍പ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോത്താരിയേയും ഭാര്യയെയും മകനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.  


അതുകൂടാതെ വിക്രം കോത്താരിയുടെ കാണ്‍പൂരിലെ വസതിയിലും കോത്താരിയുടെ ഉടമസ്ഥതയിലുള്ള പല സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയും രേഖകളും സ്വത്തുക്കളും കണ്ടെടുക്കുകയും ചെയ്തിരുന്നു.  


കോത്താരിയും ഭാര്യ സാധന, മകന്‍ രാഹുല്‍, റോട്ടോമാക് ഗ്ലോബല്‍ കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാരും വായ്പാ തുക മാറ്റി ചെലവഴിച്ചുവെന്നാണ് സി.ബി.ഐ കേസ്. 


ബാങ്ക് ഓഫ് ബറോഡയാണ് കോത്താരി തട്ടിപ്പില്‍ പരാതിയുമായി എത്തിയത്. കടത്തെത്തുടര്‍ന്ന് റോട്ടോമാകിന്‍റെ കാണ്‍പൂര്‍ ഉല്‍പാദന യൂണിറ്റ് ഡിസംബര്‍ 8ന് പൂട്ടിയിരുന്നു. കമ്പനി പൂട്ടിയത് മൂലം 450 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.


അഞ്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ് വിക്രം കോത്താരി ലോണ്‍ എടുത്തിരിയ്ക്കുന്നത്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് കോത്താരിയ്ക്ക് വായ്പ നല്‍കാന്‍ വേണ്ടി അവരുടെ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്തിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.