ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഎസ്ഇ ചെയര്‍മാനും മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിക്കും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ റദ്ദാക്കിയ പത്താം ക്ലാസ് കണക്ക് പരീക്ഷ എന്ന് നടത്തുമെന്ന് ഡല്‍ഹി ഹൈക്കോടതി സിബിഎസ്ഇയോട് ആരാഞ്ഞു. ജൂലൈ വരെ വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തില്‍ നിറുത്താനാണോ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. എന്നാല്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിന്‍റെ വ്യാപ്തി സംബന്ധിച്ച് പൂര്‍ണചിത്രം ലഭിക്കാതെ പുതിയ പരീക്ഷ തീയതി പ്രഖ്യാപിക്കാനാവില്ലെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു. 


സിബിഎസ്ഇക്കും കേന്ദ്ര മാനന വിഭവശേഷി മന്ത്രാലയത്തിനും ഡല്‍ഹി പൊലീസിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. കണക്ക് പുനഃപരീക്ഷയുടെ തീയതി സംബന്ധിച്ചുള്ള തീരുമാനം ഏപ്രില്‍ 16ന് അറിയിക്കാനും കോടതി സിബിഎസ്ഇയോട് നിര്‍ദേശിച്ചു. കേസ് ഹൈക്കോടതി ഏപ്രില്‍ 16ന് പരിഗണിക്കും. അതേസമയം, പുനഃപരീക്ഷ നടത്തുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ നാലിന് പരിഗണിക്കുന്നുണ്ട്.