ന്യൂഡല്‍ഹി: വിവാദ മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിന്‍റെ എന്‍.ജി.ഒ. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്റെ സൗദിയിലും അമേരിക്കയിലുമുള്ള സാമ്പത്തിക സ്രോതസുകള്‍ കേന്ദ്ര വിദേശ മന്ത്രാലയം അന്വേഷിക്കുന്നു. പസംഗങ്ങള്‍ തീവ്ര മതവിശ്വാസികള്‍ക്ക് പ്രചോദനമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതിന്‍റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 2012വരെയുള്ള കണക്കുകള്‍ പ്രകാരം 15 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ എന്‍.ജി.ഒയ്ക്ക് വന്ന് ചേര്‍ന്നിട്ടുള്ളത്.വിദേശ പണം സ്വീകരിക്കാന്‍ തുടങ്ങിയത് മുതല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്(ഫെറ) പ്രകാരമാണ് സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ രജിസ്റ്റര്‍  ചെയ്തിരിക്കുന്നത്. ഇതിലേക്ക് സംഭാവന ചെയ്യുന്നവരെ കുറിച്ചും പണം യഥാര്‍ത്ഥ ഉദ്ദേശത്തിനാണോ ചെലവഴിക്കുന്നത് എന്നതിനെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് കേന്ദ്ര വിദേശമന്ത്രാലം അറിയിച്ചു.


സാമ്പത്തിക സ്രോതസിന് പുറമെ സാക്കിര്‍ നായിക്കിന്‍റെ പ്രസംഗത്തെ കുറിച്ചും വീഡിയോകളെ കുറിച്ചും ഗൗരവമായി അന്വേഷിക്കുന്നുണ്ട്. യൂടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരുക്കന്നത്. ഇതിന് പുറമെ ഇദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ അടങ്ങിയ സി.ഡി കളും ലോകമെമ്പാടും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.


കഴിഞ്ഞയാഴ്ച ധാക്കയിലെ റസ്റ്റോറന്റില്‍ നടന്ന അക്രമത്തില്‍ വിദേശികളടക്കം 22 പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഭീകരര്‍ക്ക് സാക്കിര്‍നായിക്കിന്‍റെ പ്രസംഗങ്ങള്‍ പ്രചോദനം നല്‍കിയിരുന്നു എന്ന സൂചന അധികൃതര്‍ക്ക് ലഭിച്ചത്. സംഭവത്തിന്റെ ഉത്തരാവദിത്വം ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവരുടെ തിരോധാനത്തിന് പിന്നിലും സാക്കിര്‍ നായിക്കിനെതിരെ ആരോപണം ഉണ്ടായതിന് പിന്നാലെയാണ് ശക്തമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരും തയ്യാറെടുക്കുന്നത്.