സുശാന്തിന്റെ മരണം: സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചതായി കേന്ദ്രം
മുംബൈ പൊലീസ് ബീഹാറിൽ നിന്നുള്ള അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലയെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടുന്നത്.
ന്യുഡൽഹി: മരണമടഞ്ഞ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള ബിഹാർ സർക്കാറിന്റെ ശുപാർശ അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രബർത്തിയുടെ ആവശ്യത്തിൽ വാദം കേൾക്കവെയാണ് തുഷാർ മെഹ്ത ഇക്കാര്യം കോടതിയെ അറിയിച്ചത്. സുശാന്തിന്റെ പിതാവ് കെ. കെ. സിംഗാണ് റിയക്കെതിരെ പട്ന പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ മകന്റെ 15 കോടി രൂപ റിയ തട്ടിയെടുത്തുവെന്നും, മാനസികമായി ഉപദ്രവിച്ചുവെന്നും പിതാവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുംബൈയിൽ നടന്ന സംഭവത്തിൽ ബീഹാർ പൊലീസിന്റെ അധികാരം ചോദ്യം ചെയ്താണ് റിയ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. ബിഹാർ മുഖ്യമന്ത്രി ഇന്നലെയാണ് കേസ് സിബിഐയ്ക്ക് വിടാൻ ശുപാർശ ചെയ്തത്.
മുംബൈ പൊലീസ് ബീഹാറിൽ നിന്നുള്ള അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലയെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടുന്നത്. എന്നാൽ കേസ് സിബിഐയ്ക്ക് വിടുന്നതിനോട് മഹാരാഷ്ട്ര നേരത്തെതന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.