ജസ്റ്റിസ് കെഎം ജോസഫിന്‍റെ നിയമനം പുന:പരിശോധിക്കണമെന്ന് കേന്ദ്രം
കൊളീജിയം നിര്‍ദ്ദേശിച്ച രണ്ടുപേരില്‍ ഒരാളെ നിരസിച്ചും ഒരാളെ സ്വീകരിച്ചും കേന്ദ്ര സര്‍ക്കാര്‍. ഇന്ദു മല്‍ഹോത്രയെയും കെഎം ജോസഫിനെയുമാണ് കൊളീജിയം നിര്‍ദ്ദേശിച്ചിരുന്നത്.
ന്യൂഡല്‍ഹി: കൊളീജിയം നിര്‍ദ്ദേശിച്ച രണ്ടുപേരില്‍ ഒരാളെ നിരസിച്ചും ഒരാളെ സ്വീകരിച്ചും കേന്ദ്ര സര്‍ക്കാര്‍. ഇന്ദു മല്‍ഹോത്രയെയും കെഎം ജോസഫിനെയുമാണ് കൊളീജിയം നിര്‍ദ്ദേശിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരങ്ങിയ കൊളീജിയമാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചത്. മൂന്നു മാസം മുമ്പാണ് പേര് നിര്‍ദ്ദേശിച്ചത്.
ഇതില്‍ ഇതില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം ജഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രം മടക്കി. പുനഃപരിശോധനയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അതുകൂടാതെ ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നും കേന്ദ്രം ആരോപിച്ചു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണ്.
അതുകൂടാതെ, സീനിയോറിറ്റിയും അര്‍ഹതയും പരിഗണിക്കാതെയാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കേരളത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന അഭിപ്രായമുള്ളതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ഹൈക്കോടതിയിലെ മറ്റു ചീഫ് ജസ്റ്റിസുമാരേക്കാളും മുതിര്‍ന്ന ജഡ്ജിമാരേക്കാളും സുപ്രിംകോടതി ജഡ്ജിയാകാന്‍ യോഗ്യനാണ് കെ.എം.ജോസഫെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്‍റെ ശുപാര്‍ശ.
ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രം മടക്കിയതിനെതിരെ കൊളീജിയത്തിലെ ജഡ്ജിമാരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് മുതിര്‍ന്ന ജഡ്ജിമാരും ഇന്ദു മല്‍ഹോത്ര സ്ഥാനം ഏറ്റെടുക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകരും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
ഇതിനിടെ കെ.എം ജോസഫിന്‍റെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തെ സമീപിച്ചു. ഇക്കാര്യത്തില്‍ കൊളീജിയത്തിന്‍റെ നിലപാട് തേടി നിയമ മന്ത്രാലയം കത്ത് തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. കെ.എം ജോസഫിന്‍റെ പേര് തന്നെ വീണ്ടും കൊളീജിയം നിര്‍ദ്ദേശിക്കുകയാണങ്കില്‍ നിലവില്‍ സുപ്രീം കോടതിയിലുള്ള മലയാളി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിക്കുന്നത് വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും സൂചനയുണ്ട്.