ന്യൂഡൽഹി: ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിം​ഗിനായി പ്രാർത്ഥനയോടെ രാജ്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങുക. ഇന്ത്യൻ സമയം വൈകുന്നേരം 5.45 മുതൽ 6.04 വരെയുള്ള 19 മിനിട്ടുകളിൽ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പ് ഉയരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഫ്റ്റ് ലാൻഡിം​ഗ് വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ മിഷൻ എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. മാത്രമല്ല, ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ ലാൻഡിം​ഗ് നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ (സോവിയറ്റ് യൂണിയൻ) എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിന് മുമ്പ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. 


ALSO READ: ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു; നടൻ പ്രകാശ് രാജിനെതിരെ കേസ്


ചന്ദ്രയാൻ -3 സെക്കൻഡിൽ 1.68 കിലോ മീറ്റർ വേഗതയിൽ 30 കിലോ മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങും. അത് ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുമ്പോഴേക്കും ടച്ച്ഡൗൺ വേഗത ഏതാണ്ട് 0 ആയി കുറയുമെന്ന് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി/ഐഎസ്ആർഒ) ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു. 


കഴിഞ്ഞ ദിവസം ചന്ദ്രയാൻ - 3 ദൗത്യം വിജയകരമായി പുരോ​ഗമിക്കുകയാണെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചിരുന്നു. റഷ്യയുടെ ലൂണ-25 ബഹിരാകാശ പേടകം നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ചന്ദ്രനിൽ തകർന്നു വീണതിന് തൊട്ടുപിന്നാലെയാണ് ചന്ദ്രയാൻ 3ന്റെ ധീരമായ സോഫ്റ്റ് ലാൻഡിംഗ് ദൗത്യം എത്തുന്നത്. 


ചന്ദ്രന്റെ ഉപരിതലത്തിനടുത്തുള്ള പ്ലാസ്മ അയോണുകളുടെയും ഇലക്‌ട്രോണുകളുടെ സാന്ദ്രത വിലയിരുത്തുക, ചന്ദ്രോപരിതലത്തിലെ താപഗുണനിലവാരം അളക്കുക, ഭൂകമ്പ പ്രക്രിയകൾ പരിശോധിക്കുക എന്നിവയാണ് ചന്ദ്രയാൻ-3 ന്റെ ലക്ഷ്യങ്ങൾ. അത്യാധുനിക ശാസ്‌ത്രീയ പേലോഡുകളുള്ള റോവർ ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, ധാതുക്കളുടെ ഘടന വിശകലനം ചെയ്യുകയും അതിന്റെ ഘടനയെയും ചരിത്രത്തെയും കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങൾ നൽകുകയും ചെയ്യും. 


വൈകുന്നേരം 5.27 മുതൽ (ഇന്ത്യൻ സമയം) ഐഎസ്ആർഒ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിം​ഗ് തത്സമയം കാണാം. ഡിഡി നാഷണൽ ചാനലിലും ചന്ദ്രയാൻ-3ന്റെ നിർണായകമായ ലാൻഡിം​ഗ് തത്സമയം കാണാൻ കഴിയും. 


രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളുമെല്ലാമായി ജനങ്ങളെല്ലാം ഇന്ത്യൻ ചാന്ദ്ര ദൗത്യം വിജയിച്ചെന്ന വാർത്ത കേൾക്കാനായി കാതോർത്തിരിക്കുകയാണ്. 'വിക്രം' എന്ന് പേരിട്ടിരിക്കുന്ന ലാൻഡർ അതിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിൽ അപാകതകൾ നേരിട്ടതിനെ തുടർന്ന് ചന്ദ്രയാൻ - 2 ദൗത്യം പരാജയപ്പെട്ടിരുന്നു. 4 വർഷങ്ങൾക്കിപ്പുറം എല്ലാ അപകട സാധ്യതകളും മുൻകൂട്ടി കണ്ട് ചന്ദ്രയാൻ 2-ലെ ന്യൂനതകൾ പരിഹരിച്ചാണ് ഐഎസ്ആർഒ മൂന്നാം ചാന്ദ്ര ദൗത്യവുമായി മുന്നോട്ട് പോകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.