ദില്ലി: ഉഡ്താ പഞ്ചാബ് വിവാദം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നല്‍കി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിലി. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ അയവ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിലുണ്ടാവുന്ന മാറ്റങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.


സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം. ഇ വിഷയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച ശ്യാം ബെനഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് മന്ത്രാലയം പരിശോധിച്ച് വരികയാണ്.  സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളിലും, സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഉഡ്താ പഞ്ചാബ് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ വ്യക്തമായ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.