Bharat Ratna: മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി വി നരസിംഹ റാവു, കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ  ഭാരതരത്‌ന നൽകി ആദരിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ വെള്ളിയാഴ്ചയാണ് നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി ഒരു വർഷത്തിൽ മൂന്ന് ഭാരതരത്‌ന അവാർഡുകൾ ആണ് പ്രഖ്യാപിക്കാറുള്ളത്.  എന്നിരുന്നാലും, ഈ വർഷം, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി, മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവരുൾപ്പെടെ അഞ്ച് പേരെ സർക്കാർ ഭാരതരത്നയ്ക്ക് തിരഞ്ഞെടുത്തു.


“രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിനെ ഭാരതരത്‌ന നൽകി ആദരിക്കുന്നത് സർക്കാരിന്‍റെ ഭാഗ്യമാണ്. രാജ്യത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി. കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി അദ്ദേഹം തന്‍റെ ജീവിതം മുഴുവൻ സമർപ്പിച്ചു", സോഹ്യാല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.



ഉത്തർപ്രദേശ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയോ രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയോ ആകട്ടെ, ഒരു എംഎൽഎ എന്ന നിലയിൽ പോലും രാഷ്ട്രനിർമ്മാണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെയും അദ്ദേഹം ഉറച്ചുനിന്നു. നമ്മുടെ കർഷക സഹോദരീസഹോദരന്മാരോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണവും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും മുഴുവൻ രാജ്യത്തിനും പ്രചോദനമാണ്, മോദി കുറിച്ചു.  



പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മുൻ പ്രധാനമന്ത്രിയുടെ സംഭാവനകൾ വളരെക്കാലമായി അവഗണിക്കപ്പെട്ടുവെന്നും നരസിംഹ റാവു ജിക്ക് ഭാരതരത്‌ന ലഭിച്ചതിൽ താൻ ശരിക്കും സന്തോഷിക്കുന്നുവെന്നും പി വി നരസിംഹ റാവുവിന്‍റെ ചെറുമകൻ എൻ വി സുഭാഷ് പറഞ്ഞു. താൻ പ്രധാനമന്ത്രി മോദിയോട് വളരെ  നന്ദിയുള്ളവനാണ് എന്നും ഈ തീരുമാനത്തില്‍ ഏറെ സന്തോഷിക്കുന്നതായും, ഒടുവില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടു എന്നും എൻ വി സുഭാഷ് പറഞ്ഞു.


ചൗധരി ചരൺ സിംഗ്


1902ൽ ഉത്തർപ്രദേശിലെ മീററ്റിൽ ജനിച്ച ചരൺ സിംഗ് 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ പ്രധാനമന്ത്രിയായിരുന്നു.


1937ൽ ഛപ്രൗളിയിൽ നിന്നാണ് അദ്ദേഹം ആദ്യമായി ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1946, 1952, 1962, 1967 വർഷങ്ങളിൽ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദ്യം 1967ലും പിന്നീട് 1970ലും ഉത്തർപ്രദേശിൽ രണ്ടുതവണ മുഖ്യമന്ത്രിയായി.


പി വി നരസിംഹ റാവു



പി വി നരസിംഹ റാവു 1991 ജൂൺ 21 മുതൽ 1996 മെയ് 16 വരെ പ്രധാനമന്ത്രിയായിരുന്നു.


1921-ൽ ആന്ധ്രാപ്രദേശിലെ കരിംനഗറിൽ ജനിച്ച അദ്ദേഹം ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല, ബോംബെ സർവകലാശാല, നാഗ്പൂർ സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. കർഷകനും അഭിഭാഷകനുമായ അദ്ദേഹം വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 


എം എസ് സ്വാമിനാഥൻ


1925 ൽ ജനിച്ച ഡോ എം എസ് സ്വാമിനാഥൻ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവായി അറിയപ്പെടുന്നു. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ നിന്ന് സുവോളജിയിൽ ബിഎസ്‌സി ബിരുദവും കോയമ്പത്തൂർ അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറൽ സയൻസസിൽ ബിരുദവും നേടി. 


ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) നിന്ന് അഗ്രികൾച്ചറൽ സയൻസസിൽ എംഎസ്‌സി ബിരുദവും (ജനിതകശാസ്ത്രത്തിലും സസ്യ പ്രജനനത്തിലും സ്പെഷ്യലൈസേഷൻ) യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം. 


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.