ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. 12 മണിക്കൂര്‍ നീണ്ടുനിന്ന കനത്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് പൗരത്വ ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ലോക്സഭ പാസാക്കിയത്.


ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ചര്‍ച്ചയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അക്കമിട്ട് അമിത് ഷാ മറുപടി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ബില്‍ വോട്ടിനിട്ടത്. 


വോട്ടെടുപ്പ് സമയത്ത് 391 പേരാണ് സഭയില്‍ ഉണ്ടായിരുന്നത്. 311 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 80 പേര്‍ ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തു.


245 അംഗങ്ങളുള്ള രാജ്യസഭയില്‍ 123 എംപിമാരുടെ പിന്തുണ ലഭിച്ചാലാണ് ബില്‍ പാസാകുക. രാജ്യസഭയില്‍ ബില്‍ പാസായാല്‍ പിന്നെ രാഷ്ട്രപതി ഒപ്പിടുകയും ശേഷം ബില്‍ നിയമമാകുകയും ചെയ്യും.


രാജ്യസഭയില്‍ 83 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. ബിജു ജനതാദള്‍, എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ബില്‍ രാജ്യസഭയിലും പാസാക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി.


പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.