രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷമായി തുടരുന്നു; വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി
കഴിഞ്ഞ ആഴ്ച 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്നു. കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ആഴ്ച 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്. വൈദ്യുതി ഉപഭോഗം വർധിച്ചതും കൽക്കരി ക്ഷാമവും വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ബിഹാർ, ഒഡിഷ പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. താപനിലയങ്ങളിലെ കൽക്കരി ശേഖരം കുറഞ്ഞതാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചത്. ജമ്മുകശ്മീരിൽ 16 മണിക്കൂർ വരെയാണ് പലയിടത്തും പവർകട്ട് ഉള്ളത്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് തുടരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്തമാക്കിയിരുന്നു. നഗര കേന്ദ്രങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അടിയന്തരസാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടു.
ALSO READ: Kseb: വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്; പരിഹാരമായി മറ്റൊരു കമ്പനിയുമായി കരാർ
കോഴിക്കോട് ഡീസൽ നിലയത്തെ കൂടി പ്രയോജനപ്പെടുത്തി പ്രതിസന്ധി പരിഹരിക്കും. പീക്ക് അവറിലെ പ്രതിസന്ധി പൂർണമായി പരിഹരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രപൂളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. നഗര പ്രദേശങ്ങളേയും ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...