ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍!

 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസ൦ബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.  21 ദിവസത്തെ ലോക്ക് ഡൌണ്‍ ജനങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പിന്നിലേക്ക് പോകുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. 

 

കൂടാതെ, ഈ 21 ദിവസത്തിനുള്ളില്‍ രോഗം നിയന്ത്രിക്കാനായില്ലെങ്കില്‍ നഷ്ടം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊറോണയെ പ്രതിരോധിക്കാനായി 15,000 കോടിയുടെ പാക്കേജും മോദി പ്രഖ്യാപിച്ചു. ജനതാ കര്‍ഫ്യൂവില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഉത്തരവാദിത്തതോടെ പങ്കെടുത്തതായും പരീക്ഷണ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നെന്നും മോദി പറഞ്ഞു. 

 

വികസിത രാജ്യങ്ങള്‍ പോലും കൊറോണ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സ്വീകരിച്ച നടപടികള്‍ കാറ്റില്‍ പറത്തിയാണ് കൊറോണ പടര്‍ന്നു പിടിക്കുന്നത്. സാമൂഹിക അകലം പാലിക്കുക, വീടുകളില്‍ അടച്ചിരിക്കുക എന്നിവ മാത്രമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. 

 

സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കാര്യമായെടുത്ത് പാലിക്കണമെന്നും കൈക്കൂപ്പി പ്രധാനമന്ത്രി പറഞ്ഞു. വീടുകള്‍ക്ക് മുന്‍പില്‍ സ്വയം എല്ലാവരും ലക്ഷ്മണ രേഖ വരയ്ക്കണമെന്നും ഓരോ പൗരന്‍റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ എല്ലാവരും തുടരണമെന്നും സാമ്പത്തിനെക്കാള്‍ വലുതാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊറോണ  വ്യാപകമായ  പശ്ചാത്തലത്തില്‍ ഇത്  രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.