മുതിർന്ന കോൺഗ്രസ് നേതാവ് Jithin Prasada ബിജെപിയിൽ ചേർന്നു
മുൻ കേന്ദ്രമന്ത്രിയും ഉത്തർ പ്രദേശിൽ നിന്ന് രണ്ട് തവണ ലോക്സഭാ എംപിയുമായിരുന്നു ജിതിൻ പ്രസാദ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ (BJP) ചേർന്നു. മുൻ കേന്ദ്രമന്ത്രിയും ഉത്തർ പ്രദേശിൽ നിന്ന് രണ്ട് തവണ ലോക്സഭാ എംപിയുമായിരുന്നു ജിതിൻ പ്രസാദ്. ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു ജിതിൻ പ്രസാദ. കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് ജിതിൻ പ്രസാദ ബിജെപി അംഗത്വം സ്വീകരിച്ചത്. പാർട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി (JP Nadda) കൂടിക്കാഴ്ച നടത്തി.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് ജിതിൻ പ്രസാദയുടെ ബിജെപിയിലേക്കുള്ള മാറ്റം. കോൺഗ്രസിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോണിയ ഗാന്ധിക്ക് (Sonia Gandhi) കത്ത് നൽകിയ 23 നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെട്ടിരുന്നു. കോൺഗ്രസുമായുള്ള മൂന്ന് തലമുറ ബന്ധത്തെക്കുറിച്ച് ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കൃത്യമായ പദ്ധതികളും നേതൃത്വവും ഉള്ളത് ബിജെപിക്കാണെന്നും ജിതിൻ പ്രസാദ പറഞ്ഞു.
ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നതിന് മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ജിതിൻ പ്രസാദ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ (Rahul Gandhi) വിശ്വസ്തനായിരുന്നു ജിതിൻ പ്രസാദ. 2019 ൽ കോൺഗ്രസ് വിടുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ജിതിൻ പ്രസാദ വാർത്തകൾ നിഷേധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...