ന്യൂഡല്‍ഹി:പഞ്ചാബിന്‍െറ തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഒഴിഞ്ഞു. 1984ലെ സിഖ് കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന വിവാദത്തെതുടര്‍ന്നാണ് ചുമതല ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കുറച്ചു ദിവസമായി തുടരുന്ന വിവാദത്തില്‍ അതിയായ വേദനയുണ്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

യഥാര്‍ഥ വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിയാതിരിക്കാനാണ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും കമല്‍നാഥ് കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കമല്‍നാഥിന്‍റെ ആവശ്യം സോണിയ ഗാന്ധി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.കമല്‍നാഥിനെ ചുമതല ഏല്‍പിച്ചതിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുമാണ് വിമര്‍ശവുമായി രംഗത്തത്തെിയത്. സിഖ് കലാപം അന്വേഷിച്ച നാനാവതി കമീഷന്‍ തന്നെ പൂര്‍ണമായും കുറ്റമുക്തനാക്കിയിട്ടുണ്ടെന്നും പാര്‍ലമെന്‍റില്‍ ഇതുസംബന്ധിച്ച് നേരത്തേ നടന്ന ചര്‍ച്ചയില്‍ അകാലി നേതാവ് സുഖ്ബീര്‍ തന്‍െറ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഖ് കലാപത്തെക്കുറിച്ച് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാകുന്നത് വേദനിപ്പിക്കുന്നു. 2005 വരെ തനിക്കെതിരെ പ്രസ്താവനയോ എഫ്‌ഐആറോ ഉണ്ടായില്ല. കലാപം നടന്ന് 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് തന്റെ പേരും പറഞ്ഞുകേള്‍ക്കുന്നത്. ഇതു വെറും രാഷ്ട്രീയക്കളിയാണ്. തിരഞ്ഞെടുപ്പിനു മുന്‍പ് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം, കമല്‍നാഥ് കത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.


സിഖ് കലാപത്തില്‍ ആരോപണവിധേയനായ കമല്‍നാഥിനെ സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 1984ലെ കലാപത്തില്‍ ഡല്‍ഹിയിലെ രാകാബ്ഗഞ്ച് ഗുരുദ്വാരയിലേക്ക് അക്രമത്തിനായി ജനക്കൂട്ടത്തെ നയിച്ചത് കമല്‍നാഥാണെന്നാണ് ആരോപണം. ഇദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ചുമതല നല്‍കിയതിനെ പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം പോലും ഞെട്ടലോടെയാണ് കണ്ടത്.


കഴിഞ്ഞ രണ്ടു തവണയും പ്രതിപക്ഷത്തിരുന്ന പാര്‍ട്ടി ഇത്തവണ നിര്‍ണായകമാകുമെന്ന വിലയിരുത്തലിനിടെയാണ് കമല്‍നാഥിന്റെ ചുമതലയെക്കുറിച്ച് വാര്‍ത്തവന്നത്. ആംആദ്മി പാര്‍ട്ടിയും ശിരോമണി അകാലിദളും ബിജെപിയും കോണ്‍ഗ്രസ് തീരുമാനത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് കമല്‍നാഥിന്റെ പിന്മാറ്റം.